റിയാദ്: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് വെച്ച് ഇടിമിന്നലേറ്റ് മരിച്ച ഇന്ത്യക്കാരെൻറ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിലെ ജോലിസ്ഥലത്ത് ഉത്തർപ്രദേശ് സ്വദേശിയായ അമർനാഥ് (41) ആണ് മരിച്ചത്. വർഷങ്ങളായി ഹഫർ അൽ ബാതിൻ മേഖലയിലെ മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
നഗരത്തിൽ നിന്ന് 200-ഓളം കിലോമീറ്റർ അകലെയുള്ള ഉൾപ്രദേശത്ത് ആടുകളെ മേയിക്കുന്നതിനിടെയാണ് അമർനാഥിന് ഇടിമിന്നലേറ്റത്. ശക്തമായ ഇടിമിന്നലുണ്ടായ സാഹചര്യത്തിലായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ പൊലീസ് അധികൃതർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് ഹഫർ അൽ ബാതിൻ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ലക്നൗ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. ദുർഗാവതിയാണ് ഭാര്യ. ശീതൾ ഏക മകളാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
