അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് വെറും 20 ദിവസം മാത്രം, പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

malayalampress
1 Min Read

റിയാദ്: നാട്ടിലെ അവധിക്കാലം ആഘോഷിച്ച് പ്രവാസലോകത്തേക്ക് മടങ്ങിയെത്തി വെറും ഇരുപതാം ദിവസം മലയാളി സുഹൃത്തുക്കളെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി യുവാവ് വിടപറഞ്ഞു. കർണാടക കൊടക് ഷെട്ടിഗനഹള്ളി സ്വദേശിയായ അനിൽ (34) ആണ് റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. അൽ ഈമാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.

വെള്ളിയാഴ്ച വൈകീട്ടോടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുഹൃത്തുക്കൾ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. റിയാദിലെ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന അനിൽ അവിവാഹിതനാണ്. നാട്ടിൽ അവധിക്ക് പോയി കൃത്യം 20 ദിവസം മുമ്പാണ് ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചത്. വേർപാടിന്റെ ഞെട്ടലിൽ നിന്നും പ്രിയപ്പെട്ടവർ ഇനിയും മുക്തരായിട്ടില്ല.

പിതാവ്: പൂവപ്പ, മാതാവ്: റീത, സഹോദരി: സുനിത. മരണാനന്തര നിയമനടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ വെൽഫെയർ വിങ് ഭാരവാഹികളായ ഉമർ അമാനത്ത്, സലീം സിയാംകണ്ടം, ജാഫർ വീമ്പൂർ എന്നിവരും പരേതന്റെ സുഹൃത്തുക്കളായ അർഷദ്, റഹ്മാൻ എന്നിവരും രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!