ന്യൂഡൽഹി: ഡൽഹിയിലെ നെഹ്‌റു പ്ലേസിൽ ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികൾക്ക് നേരെ അതിക്രൂരമായ ആക്രമണവും വംശീയ അധിക്ഷേപവും. പൂവാലശല്യം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കം അക്രമിസംഘം ശാരീരിക ഉപദ്രവത്തിലേക്കും വസ്ത്രം വലിച്ചുകീറുന്നതിലേക്കും എത്തിക്കുകയായിരുന്നു. മർദനമേറ്റ യുവതികളിൽ ഒരാൾ അസം സ്വദേശിയും മറ്റൊരാൾ ബിഹാർ സ്വദേശിയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചായക്കടയ്ക്ക് സമീപം വച്ച് ഒരു സംഘം പുരുഷന്മാർ തങ്ങളെ മോശം പരാമർശങ്ങൾ നടത്തി പരിഹസിച്ചതായും ഇത് ചോദ്യം ചെയ്തതോടെ മുളവടികൾ കൊണ്ട് അടിച്ചതായുമാണ് യുവതികളുടെ പരാതി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞുനിർത്തുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പുറത്തുപറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും യുവതികൾ വെളിപ്പെടുത്തി.
സംഭവത്തിൽ കൽക്കാജി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നാലെ യുവതികളെ എയിംസിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം, തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
