ലഹരിവേട്ട; കാറിൽ കടത്തിയ എംഡിഎംഎയുമായി 3 പേർ പിടിയിൽ

News Desk
1 Min Read

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ ലഹരി വേട്ട. വിൽപ്പനക്കായി ഇതര സംസ്ഥാനത്തുനിന്ന്‌ കൊണ്ടുവന്ന 1.13 കിലോഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ടൊയോട്ട കാറും സഹിതം മൂന്ന് യുവാക്കൾ പിടിയിലായി.

മലപ്പുറം പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർഷലാൽ (25), ചേലേമ്പ്ര മേലെ തൊടി വീട്ടിൽ ആദിൽഷാ(20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ്‌ ശനി പുലർച്ചെ ഒന്നോടെ അറസ്‌റ്റിലായത്‌. പന്തീരാങ്കാവിൽ ദേശീയപാത സര്‍വീസ് റോഡില്‍വച്ച്‌ കോഴിക്കോട് സിറ്റി നർക്കോട്ടിക് അസിസ്റ്റന്റ്‌ കമീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡൻസാഫും പന്തീരാങ്കാവ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസുമാണ്‌ സംഘത്തെ കസ്‌റ്റഡിയിലെടുത്തത്.

നിരീക്ഷണത്തിലായിരുന്ന പ്രതികള്‍ എംഡിഎംഎ എത്തിക്കുന്ന വിവരം ഡൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സംഘം പന്തീരാങ്കാവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌.

​ഡല്‍ഹി, ഗോവ എന്നിവിടങ്ങളിൽനിന്ന്‌ വലിയ അളവില്‍ കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കച്ചവടക്കാര്‍ക്ക് പാക്കറ്റുകളാക്കി കാറിൽ എത്തിക്കുകയായിരുന്നു. വിദ്യാർഥികളാണ് ലഹരിവസ്‌തുക്കൾ കൂടുതൽ വാങ്ങുന്നതെന്ന്‌ പ്രതികള്‍ മൊഴി നൽകിയതായി പൊലീസ്‌ പറഞ്ഞു.

ആദിൽഷായ്ക്ക് എംഡിഎംഎ കടത്തിയതിന്‌ കേസുകളുണ്ട്. പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പൊലീസ്‌ പരിശോധിച്ചുവരികയാണ്‌. പ്രതികൾ ആരിൽനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും അന്വേഷിക്കുന്നതായും പൊലീസ്‌ പറഞ്ഞു.

രണ്ടാഴ്‌ചമുമ്പ് രാജസ്ഥാനിൽനിന്ന്‌ കാറിൽ കടത്തിക്കൊണ്ടുവന്ന മൂന്നര കിലോഗ്രാം രാസലഹരിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുൾപ്പെടെ രണ്ടുപേർ ഒളവണ്ണ ടോൾ പ്ലാസയിൽ പിടിയിലായിരുന്നു. 3.3 കിലോഗ്രാം മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമായി മലപ്പുറം കച്ചേരിക്കൽ സ്വദേശി പി കെ ഷഫീഖ്(35), സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ താമരശേരി കൈതപ്പൊയിൽ ചെറുകാട്ടിൽ ഫാത്തിമ നസ്‌റിൻ (20) എന്നിവരാണ്‌ എക്‌സൈസിന്റെ പിടിയിലായത്‌.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!