കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പിണറായി വിജയൻ. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് രാജിക്കത്ത് കൈമാറി. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജി. രാജിവച്ചതോടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരും.
ഇടതുമുന്നണിയെ തൂത്തെറിഞ്ഞുകൊണ്ടായിരുന്നു കേരളത്തിൻ്റെ ചരിത്രവിധി. 102 സീറ്റുമായി യുഡിഎഫിൻ്റെ അത്യുജ്വല ജയം. 99ൽ നിന്ന് എൽഡിഎഫ് 35ലേക്ക് കൂപ്പുകുത്തി. ചരിത്രത്തിൽ ആദ്യമായി ബിജെപി മൂന്ന് സീറ്റ് നേടി. കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചെങ്കോട്ടകൾ തകർന്നടിഞ്ഞു. ഇടതിന് ഒപ്പം നിന്നത് തൃശൂർ ജില്ല മാത്രമാണ്.
ധർമ്മടത്ത് പിണറായി വിജയൻ നേടിയത് നിറംകെട്ട ജയമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ പിന്നിലായത് സിപിഐഎമ്മിനെ ഞെട്ടിച്ചിരുന്നു. ചരിത്രത്തിലില്ലാത്ത വിധം ആറ് റൗണ്ടുകളിലാണ് പിണറായി വിജയനെ ധര്‍മ്മടം മുൾമുനയിൽ നിർത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
