വിനോദസഞ്ചാരികൾക്കായി ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുമായി UAE

News Desk
1 Min Read

ദുബായ്: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്കായി ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് സേവനം ആരംഭിച്ച് യു.എ.ഇ.. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി) എന്നിവയുമായി സഹകരിച്ചാണ് യു.എ.ഇ. സെൻട്രൽ ബാങ്ക് പുതിയ സംവിധാനം വിനോദസഞ്ചാരികൾക്കായി അവതരിപ്പിക്കുന്നത്. രാജ്യത്തെത്തുമ്പോൾ തന്നെ ഡിജിറ്റലായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കുന്ന ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ എന്ന പേരിലറിയപ്പെടുന്ന സംവിധാനമാണിത്.

സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്ത് ഒരു സുരക്ഷിത ഡിജിറ്റൽ ഐഡന്റിറ്റി ലഭിക്കും. ഐ.സി.പി വികസിപ്പിച്ചെടുത്ത ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയാണിത്. ഇതുപയോഗിച്ചാണ് മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് തുറക്കാനാവുക. ഈ സംവിധാനം എ.ഡി.സി.ബിയുടെ മൊബൈൽ ബാങ്കിങ് ആപ്പുമായി ലിങ്ക് ചെയ്യണം. അതോടെ വിനോദസഞ്ചാരികൾക്ക് തൽക്ഷണം ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനും, ഉടനടി ഉപയോഗത്തിനായി ഒരു ഡിജിറ്റൽ ഡെബിറ്റ് കാർഡ് ആക്സസ് ചെയ്യാനുമാവും.

മറ്റ് പേപ്പർവർക്കുകൾ ഇല്ലാതെതന്നെ ബാങ്കിങ് സേവനങ്ങൾ ഉപയോഗിച്ചുതുടങ്ങാം. പരമ്പരാഗതമായ രീതികൾ ഒഴിവാക്കികൊണ്ട് പ്രക്രിയ പൂർണ്ണമായും ഡിജിറ്റലാണ്. ഇതോടെ യു.എ.ഇയിലെത്തുന്ന സന്ദർശകർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള താമസം ഒഴിവായിക്കിട്ടും.

കയ്യിൽ പണം കൊണ്ടുനടക്കുന്നതിനു പകരം സന്ദർശകർക്ക് ഡിജിറ്റലായി പണമടക്കാനും യാത്രയ്ക്കിടെ കൂടുതൽ എളുപ്പത്തിൽ ചെലവുകൾ കൈകാര്യം ചെയ്യാനും സാധിക്കും. സന്ദർശക വിസയിൽ ദീർഘകാലം താമസിക്കുന്നവർക്കും ബിസിനസ്സ് യാത്രകൾക്കായി എത്തുന്നവർക്കും പതിവായി യു.എ.ഇ. സന്ദർശിക്കുന്നവർക്കും ഇത് ഉപയോഗപ്രദമാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!