വാഷിങ്ടൺ: ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഏറ്റവും ഉയർന്ന വില നിലവാരത്തിലെത്തി. 2022ന് ശേഷമുള്ള ഉയർന്ന് വിലയാണിത്. ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതിക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധവും, ആണവ ചർച്ചയിൽ പുരോഗതിയില്ലാത്തതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം.
ബ്രെൻ്റ് ക്രൂഡ് വില ഏഴ് ശതമാനം വർധിച്ച് ബാരലിന് 126 ഡോളറിലെത്തി. കഴിഞ്ഞ ബുധനാഴ്ച ബ്രെൻ്റ് ക്രൂഡ് ഓയിൽ ആറ് ശതമാനവും ഡബ്ല്യു.ടി.ഐ ഏഴ് ശതമാനവും കൂടിയിരുന്നു. പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സംഘർഷം ഈ പാതയിലൂടെയുള്ള എണ്ണനീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദേശം ട്രംപ് നിരസിച്ചതായി റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ അവസാനത്തോടെ യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണ വിപണി കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വരുംദിവസങ്ങളിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളെ ആശ്രയിച്ചായിരിക്കും എണ്ണവില നിശ്ചയിക്കുക.
ഉപരോധം നീളുകയും വിതരണ പാതയിലെ തടസ്സം തുടരുകയും ചെയ്താൽ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ വീണ്ടും വില കുതിച്ചേക്കാം. ബാരലിന് 150 ഡോളർ വരെ ഉയരാനും സാധ്യതയുണ്ടെന്നും വിവരമുണ്ട്.

