ഞെട്ടിച്ച പ്രഖ്യാപനം സഊദിയിൽ ജിസിസി ഉച്ചകോടിയും വിയന്നയിൽ നിർണായ ഒപെക് യോഗവും നടക്കുന്നതിന് തൊട്ടുമുന്നെ
അബുദബി: ആഗോള എണ്ണവിപണി ആടിയുലഞ്ഞു നിൽക്കെ എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് പിൻവാങ്ങി യു.എ.ഇ നടപടി നിർണ്ണായകം. മെയ് ഒന്ന് മുതൽ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് യു എ ഇ പ്രഖ്യാപിച്ചത്. ഹോർമുസ് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ സ്വതന്ത്രമായ ഉൽപാദനം ലക്ഷ്യമിട്ടാണ് തീരുമാനം. വിയന്നയിൽ നിർണായ ഒപെക് യോഗവും സഊദിയിൽ ജിസിസി ഉച്ചകോടിയും നടക്കുന്നതിന് തൊട്ടുമുന്നെയാണ് ഞെട്ടിച്ച പ്രഖ്യാപനം. രാഷ്ട്രമായി രൂപം കൊണ്ടതിന് ശഏഷം ആദ്യമായാണ് യുഎഇ കൂട്ടായ്മ വിടുന്നത്.
ഇറാൻ – അമേരിക്ക യുദ്ധം, ഹോർമൂസ് ഉൾപ്പടെ അനേകം ചലനങ്ങളോട് ചേർത്തു വെയ്ക്കാവുന്നതാണ് യുഎഇയുടെ തീരുമാനം. ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മ കൂടിയാണ് ഒപെക്. യു.എ.ഇ കൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം പതിനൊന്നായി ചുരുങ്ങും. ഉൽപ്പാദനം വെട്ടിക്കുറച്ചും നിയന്ത്രിച്ചും എണ്ണവില നിയന്ത്രിച്ചിരുന്ന കൂട്ടായ്മയുടെ ശേഷിയുടെ പിന്മാറ്റം ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടുതൽ വഴക്കവും വിശ്വാസ്യതയുമുള്ളതും താങ്ങാനാവുന്നതുമായ വിതരണം ആവശ്യമാണെന്ന് കാട്ടിയാണ് ലോകത്തെ എണ്ണ ശേഖരത്തിന്റെ എൺപത് ശതനമാനത്തിലധികം കയ്യാളുന്ന കൂട്ടായ്മ വിടുന്നത്.
കൂടുതൽ സ്വതന്ത്രമായ ഉൽപാദനത്തിലേക്കും കയറ്റുമതിയിലേക്കുമാണ് നീങ്ങുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഹോർമൂസിലും അറേബ്യൻ ഗൾഫിലുമുള്ള സ്തംഭനം കാരണം ആവശ്യകത കൂടുമെന്നത് തിരിച്ചറിഞ്ഞും എണ്ണയുൽപാദനമേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് തീരുമാനമെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ നിരന്തര സമ്മർദത്തിനൊടുവിൽ ഈയിടെ ഉൽപാദനം കൂട്ടാൻ ഒപെക് പ്ലസ് തീരുമാനിച്ചിരുന്നു. രാഷ്ട്രമാകുന്നതിന് മുൻപ് അബൂദബി എമിറേറ്റിലൂടെ 1967 മുതലും യുഎഇ രൂപീകരിക്കപ്പെട്ടതോടെ 1971 മുതലുമുള്ള സഹകരണമാണ് ഇല്ലാതായത്. കൂട്ടായ്മ വിട്ടെങ്കിലും മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ തങ്ങൾ സഹകരിക്കുമെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്. വമ്പൻ നിക്ഷേപമാണ് ആഭ്യന്തര ഉൽപാദനത്തിൽ സമീപകാലത്ത് യുഎഇ നടത്തിയത്. ചൈനയിൽ നിന്ന് 23 വമ്പൻ എണ്ണ ടാങ്കർ കപ്പലുകളാണ് വരും വർഷങ്ങൾക്കുള്ളിൽ സ്വന്തമാക്കാൻ പോകുന്നതും ഇതിനോടകം സ്വന്തമാക്കിയതും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
