ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ സുഗമമാക്കുന്നതിനായി സഊദി അറേബ്യയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളുടെ ഏകോപിത നീക്കങ്ങളാണ് നടക്കുന്നത്. ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അല്‍ റബീഅ മിനായിലെ കൂടാരങ്ങളില്‍ നേരിട്ടെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി.
ഇത്തവണ തയ്യാറെടുപ്പുകള്‍ വളരെ നേരത്തെ തന്നെ തുടങ്ങിയത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും കൂടാരങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും കൃത്യമായി ക്രമീകരിക്കുന്നതിനുമായി ഇത്തവണ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ കൂടാരത്തിലും കൃത്യമായ സമയക്രമം രേഖപ്പെടുത്തിയ ദിശാസൂചകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മക്ക റോയല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മീഖാത്തുകളിലെ ഒരുക്കങ്ങളും പൂര്‍ത്തിയായി. മീഖാത്തുകളിലെ പ്രാര്‍ഥനാ സ്ഥലങ്ങളില്‍ ഒരേസമയം 6,600 പുരുഷന്മാര്‍ക്കും 3,200 സ്ത്രീകള്‍ക്കും പ്രാര്‍ഥിക്കാനുള്ള സൗകര്യമുണ്ട്. ആയിരക്കണക്കിന് പാര്‍ക്കിംഗ് ഇടങ്ങളും നൂറുകണക്കിന് ശുചിമുറികളും തീര്‍ഥാടകര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
യാത്രയ്ക്കിടയില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ വെള്ളവും മറ്റ് സേവനങ്ങളും ഉറപ്പാക്കാന്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെയുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സഊദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി തീര്‍ഥാടകരുടെ അനുഭവം കൂടുതല്‍ മികച്ചതാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.സൗകര്യങ്ങള്‍ക്കൊപ്പം തന്നെ സേവനരംഗത്തുള്ളവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും ആരംഭിച്ചു. ഉമ്മുല്‍ ഖുറാ സര്‍വ്വകലാശാലയുടെ കീഴില്‍ തീര്‍ഥാടകരെ സേവിക്കുന്ന ജീവനക്കാര്‍ക്കായി ആശയവിനിമയം, ക്രൗഡ് മാനേജ്മെന്റ്, പ്രതിസന്ധി ഘട്ടങ്ങളിലെ പ്രവര്‍ത്തനം എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.
ആത്മീയമായ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇരുഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ഹറം പള്ളിയില്‍ പ്രത്യേക പഠനക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. ഈ ക്ലാസുകള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ക്യു ആര്‍ കോഡുകള്‍ വഴിയും തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കും. ഹജ്ജ് കര്‍മ്മങ്ങള്‍ കൃത്യമായ അറിവോടെ നിര്‍വ്വഹിക്കാന്‍ ഇത് വിശ്വാസികളെ സഹായിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
