പൊടിയിൽ മുങ്ങി സഊദിയുടെ വിവിധ ഭാഗങ്ങൾ; മക്ക മേഖലയിൽ കനത്ത പൊടിക്കാറ്റ്, വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത – മുന്നറിയിപ്പ്

malayalampress
1 Min Read

ജിദ്ദ: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ജിദ്ദ ഉൾപ്പെടെയുള്ള മക്ക പ്രവിശ്യയിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു.

ജിദ്ദ, റാബിഗ്, ബഹ്‌റ, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത് എന്നിവിടങ്ങളിലും ഹൈവേകളിലും പൊടിക്കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊടിക്കാറ്റ്മൂലം റോഡുകളിൽ ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞു. മക്കയിലെ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

മക്കയിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഈ പ്രദേശങ്ങളിൽ ഹ്യൂമിഡിറ്റി 40 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. ഹാഇൽ മേഖലയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 49 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നത് ഹൈവേകളിൽ ദൂരക്കാഴ്ച കുറയാൻ കാരണമാകും. അതിനാൽ ദീർഘദൂര യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തികൾ, ഖസീം, തബൂക്ക്, മദീന, റിയാദ്, അൽ-ബാഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യാനിടയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ സിവിൽ ഡിഫൻസ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!