അറ്റ്‌ലാന്റയില്‍ നിന്ന് പോര്‍ട്ട്‌ലാന്‍ഡിലേക്ക് പറന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രില്‍ 24) ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഡെല്‍റ്റ ഫ്‌ലൈറ്റ് 478 ലാണ് ‘ആകാശത്തിലെ അത്ഭുതം’ എന്ന് യാത്രക്കാര്‍ വിശേഷിപ്പിച്ച ഈ സംഭവം നടന്നത്. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് രാത്രി 9:30-ഓടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
യുവതിക്ക് വേദന തുടങ്ങിയതോടെ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി. ഈ സമയം വിമാനത്തിലുണ്ടായിരുന്ന 153 യാത്രക്കാരില്‍ ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരും സഹായത്തിനായി മുന്നോട്ടുവന്നു. ഇവരുടെ പരിചരണത്തില്‍ വിമാനം താഴെയിറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് യുവതി പ്രസവിച്ചു. വിമാനത്തിലെ ജീവനക്കാരും സഹയാത്രക്കാരും പ്രസവത്തിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ക്യാബിനുള്ളില്‍ ഒരുക്കിയിരുന്നു.
രാത്രി 10 മണിയോടെ വിമാനം ലാന്‍ഡ് ചെയ്തപ്പോഴേക്കും മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ സജ്ജമായിരുന്നു. പൊക്കിള്‍ക്കൊടി മുറിച്ചതും കുഞ്ഞിനെ പൊതിഞ്ഞതുമെല്ലാം വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിനിടയിലാണെന്ന് പ്രസവത്തിന് സഹായിച്ച മെഡിക്കല്‍ സംഘത്തിലെ ടിന ഫ്രിറ്റ്‌സ് പറഞ്ഞു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവള അധികൃതരും യാത്രക്കാരും ആഹ്ലാദത്തോടെയാണ് ഈ വാര്‍ത്തയെ സ്വീകരിച്ചത്.
ഗര്‍ഭിണികള്‍ക്ക് വിമാനയാത്ര നടത്തുന്നതിന് നിലവില്‍ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ കര്‍ശന നിയന്ത്രണങ്ങളോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമില്ല. എങ്കിലും അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ യാത്രയ്ക്ക് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് ഉചിതമായിരിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഹൃദ്യമായ അനുഭവമായിരുന്നു ഇതെന്ന് സഹയാത്രക്കാര്‍ പ്രതികരിച്ചു.

