പ്രണയദിനത്തിൽ ഒരുമിച്ച് അത്താഴം, പിന്നാലെ കഴുത്തറുത്ത് കൊലപാതകം; ദുരൂഹത ചുരുളഴിച്ച് പോലീസ്

malayalampress
1 Min Read

ചണ്ഡിഗഡ്: ഭർത്താവിനൊപ്പം വാലന്റൈൻസ് ദിനം ആഘോഷിച്ച് വീട്ടിലേക്കു മടങ്ങിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ചുരുളഴിച്ച് പൊലീസ്. ആസുത്രണം നടത്തി ഭർത്താവ് അൻഷുൽ ധവാൻ തന്നെയാണ് മഹക്കിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

വീട്ടിൽ കവർച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നെന്ന അൻഷുലിന്റെ വാദമാണ് പൊലീസ് പൊളിച്ചത്. ഹരിയാനയിലെ ഝജ്ജർ ജില്ലയിലെ ബഹാദുർഗഡിലാണ് സംഭവം.

വാലന്റൈൻസ് ദിനത്തിലെ സായാഹ്നം ഒരുമിച്ച് ചെലവഴിച്ച യുവ ദമ്പതികൾ തുടർന്ന് അത്താഴം കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെയായിരുന്നു മഹക്കിന്റെ കൊലപാതകം. പിറ്റേന്ന് രാത്രി 11 മണിയോടെ പൊലീസിനെ വിളിച്ച്, അജ്ഞാതരായ അക്രമികൾ തങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്തെന്നും അറിയിച്ചു.

എന്നാൽ അന്വേഷണം ആരംഭിച്ചതോടെ അൻഷുലിന്റെ മൊഴികളിലെ നിരവധി പൊരുത്തക്കേടുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ തുടർച്ചയായി മൊഴി മാറ്റിപ്പറഞ്ഞു. അക്രമികളെക്കുറിച്ച് ഇയാൾക്ക് വിവരിക്കാൻ കഴിയാതിരുന്നത് പൊലീസിന്റെ സംശയം വർധിപ്പിച്ചു.

തുടർച്ചയായ ചോദ്യം ചെയ്യലിൽ, ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ  ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി. പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പതറിയ അൻഷുൽ ഒടുവിൽ കുറ്റം സമ്മതിച്ചു. ഗുരുഗ്രാമിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന മഹക്കിന്റെ സ്വഭാവത്തിൽ അൻഷുലിന് സംശയമുണ്ടായിരുന്നുവെന്നും ഇത് അവർക്കിടയിൽ പതിവ് വഴക്കുകൾക്കു കാരണമായെന്നും പൊലീസ് പറഞ്ഞു. ഈ സംശയമാണ് ഒടുവിൽ മഹക്കിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

അൻഷുൽ മഹക്കിനെ ശ്വാസം മുട്ടിക്കുകയും തുടർന്ന് കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. വിരലടയാളങ്ങൾ പതിയാതിരിക്കാൻ അൻഷുൽ കയ്യുറകൾ ധരിച്ചാണ് കൊലപാതകം നടത്തിയത്. ഹിസാർ സ്വദേശിയായ അൻഷുലും ഹാൻസി സ്വദേശിനിയായ മഹക്കും കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നാണ് വിവാഹിതരായത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!