ദുബായ്: സഊദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ ജീവിതം സിനിമയാക്കാൻ താൽപ്പര്യമില്ലെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കി. ആടുജീവിതം നൽകിയ ഭാരത്തിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ലെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടക്കമുള്ള രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല.
അബ്ദുൽ റഹീമിനെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള സംഭവത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ മോചനത്തിനായി കേരളം ഒന്നിച്ച് നിന്ന് ദയാധനം (ബ്ലഡ് മണി–നഷ്ടപരിഹാരം) സമാഹരിച്ച് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയതിനെക്കുറിച്ചും ദുബായ് യാത്രയ്ക്കായി വിമാനത്താവളത്തിൽ നിൽക്കുമ്പോൾ ബോചെ(ബോബി ചെമ്മണ്ണൂർ) ഫോണിലൂടെ പറഞ്ഞപ്പോഴാണ് കൂടുതലായി മനസിലാക്കിയത്. ഈ കഥ സിനിമയാക്കാമോ എന്ന് അദ്ദേഹം ചോദിച്ചത് സത്യമാണ്. എന്നാൽ ഒരു മറുപടി പറയാൻ സാധിക്കുന്ന സാഹചര്യമല്ലായിരുന്നു.
തന്മാത്ര എന്ന ചിത്രത്തിന് ശേഷം അത്തരത്തിലുള്ള നിരവധി സിനിമകൾ തേടിയെത്തിയിരുന്നു. ഒരേ സ്വഭാവത്തിലുള്ള ചിത്രം വീണ്ടും ചെയ്യാൻ താൻ താൽപ്പര്യപ്പെടുന്നില്ല. ആടുജീവിതം പോലെ അതിജീവനത്തിന്‍റെ കഥയാണ് അബ്ദുൽ റഹീമിന്‍റെതെന്നും ബ്ലെസി പറഞ്ഞു.
യുഎഇയിലടക്കം പല ഗൾഫ് രാജ്യങ്ങളിലും പ്രേക്ഷകർ ഏറ്റെടുത്ത ആടുജീവിതത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആടുജീവിതത്തിന് ശേഷം ഒട്ടേറെ കഥാപാത്രങ്ങൾ തന്നെത്തേടിയെത്തുന്നുണ്ടെന്ന് ആടുജീവിതത്തിൽ ഹക്കീം എന്ന കഥാപാത്രത്തിന് ജീവനേകിയ യുവ നടൻ ഗോകുൽ പറഞ്ഞു.
തന്നെ നായകനാക്കി വിനോദ് രാമൻ സംവിധാനം ചെയ്യുന്ന മ്ലേച്ഛൻ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ആടുജീവിതത്തിലെ അഭിനേതാവ് ഒമാനി നടൻ താലിബ് അൽ ബലൂഷി, ഗായകൻ ജിതിൻ രാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.