റിയാദ്: സമ്മർ ഒളിമ്പിക് ഗെയിംസിനുള്ള തയ്യാറെടുപ്പുകളിലാണ് സൗദി ടീമുകൾ. ഇന്ന് വെള്ളിയാഴ്ചയാണ് പാരീസിൽ ഔദ്യോഗികമായി ഒളിമ്പിക് ഗെയിംസിനു തുടക്കം കുറിക്കുന്നത്.
ഷോ ജമ്പിങ്, തായ്‌ക്വോണ്ടോ, അത്‌ലറ്റിക്‌സ്, നീന്തൽ എന്നിങ്ങനെ നാല് ഇനങ്ങളിലായി 10 അത്‌ലറ്റുകളുമായി സൗദി അറേബ്യ പങ്കെടുക്കും. വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും സൗദി ഷോ ജമ്പിങ് ടീമിനെ പ്രതിനിധീകരിക്കുന്നത് റൈഡർമാരായ റംസി അൽ ദുഹാമി, അബ്ദുല്ല അൽ ഷർബത്ലി, ഖാലിദ് അൽ മോബ്തി, അബ്ദുൽറഹ്മാൻ അൽ-റാജി എന്നിവരാണ്. 49 കിലോഗ്രാം വിഭാഗത്തിൽ ദുനിയ അബു താലിബാണ് തായ്‌ക്വോണ്ടോ ടീമിൽ ഇടംപിടിക്കുന്നത്.
ഷോട്ട്പുട്ടർ മുഹമ്മദ് ടോലു, പോൾവോൾട്ടർ ഹുസൈൻ അൽ ഹിസാം, 100 മീറ്റർ ഓട്ടത്തിൽ സ്പ്രിൻ്റർ ഹിബ മാലിം, 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ നീന്തൽ താരം മഷൈൽ അൽ അയ്ദ്, 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ നീന്തൽ താരം സായിദ് അൽ-സർരാജ് എന്നിവരാണ് അത്‌ലറ്റിക്‌സ് ടീമിലുള്ളത്.
നിരവധി പരിശീലന ക്യാമ്പുകളോടെ സൗദി ടീമുകൾ “പാരീസ് 2024” ഒരുക്കങ്ങൾ നേരെത്തെ ആരംഭിച്ചിരുന്നു. ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ പരിശീലനം നടത്തുന്ന ഷോ ജമ്പിംഗ് ടീം അംഗങ്ങൾ ജൂലൈ 30 ന് പാരീസിലെത്തും.
പ്രാഥമിക റൗണ്ടിലൂടെ യോഗ്യത നേടുന്ന ആദ്യ സൗദി വനിതയെന്ന നിലയിൽ ഒളിമ്പിക്‌സിന് ചരിത്രപരമായ യോഗ്യത നേടിയത് മുതൽ ദുനിയ അബു താലിബ് പരിശീലന ക്യാപിലാണ്. ഇപ്പോൾ ടുണീഷ്യയിൽ പരിശീലനം നടത്തുന്ന അവൾ ഓഗസ്റ്റ് 3 ന് പാരീസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുത്.
സൗദി ഒളിമ്പിക്‌സ് ആൻഡ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻ്റും 33-ാമത് സമ്മർ ഒളിമ്പിക്‌സ് “പാരീസ് 2024” ൻ്റെ സൗദി മിഷൻ തലവനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പാരീസിലെ ഒളിമ്പിക് അത്‌ലറ്റ്‌സ് വില്ലേജിൽ സൗദി ടീമിലെ കളിക്കാരെ സന്ദർശിച്ചു.
സന്നിഹിതരായ കളിക്കാരോട് നടത്തിയ പ്രസംഗത്തിൽ, ഈ പ്രായത്തിലുള്ള ഒളിമ്പിക്സിലെ അവരുടെ ആദ്യ പങ്കാളിത്തം കായിക ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കായികമേളയിൽ രാജ്യത്തിൻ്റെ പേരിനും പതാകയ്ക്കും അനുയോജ്യമായത് അവതരിപ്പിക്കാൻ അവരിലുള്ള തൻ്റെ ആത്മവിശ്വാസം ഊന്നിപ്പറഞ്ഞു.





