ജിദ്ദ: റഹീമിന്റെ മോചനത്തിന് വേണ്ടി
കോടതിപടികൾ കയറിയിറങ്ങിയ ആ വലിയ മനുഷ്യനെ മറക്കാൻ ആകുടുംബത്തിനോ മലയാളികൾക്കോ കഴിയില്ല.
സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടിന്റെ നിരന്തരമുള്ള പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ വിജയം കൈവരിച്ചിരിക്കുന്നത്. സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീമിനെ മോചിപ്പിക്കാനാവശ്യമായ 34 കോടി രൂപ ദിയാധനം(മോചനദ്രവ്യം) സ്വരൂപിക്കുന്നതിന്റെ നേതൃത്വവും അഷ്റഫ് വേങ്ങാട്ടിനായിരുന്നു.
റഹീമിനെ മരണത്തിന്റെ മുനമ്പിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം ഏറെക്കുറെ വിജയിച്ചതിന്റെ ആശ്വാസത്തിലാണ് ഇദ്ദേഹം. സമാഹരിച്ച തുക റിയാദിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി മോചനം സാധ്യമാകുന്നതുവരെ ഇദ്ദേഹത്തിന് വിശ്രമമില്ല, റമസാൻ മാസം തുടങ്ങുന്നതിന് മുമ്പ് റിയാദിൽനിന്ന് നാട്ടിലെത്തിയ അഷ്റഫ് ഈ പോരാട്ടത്തെ മുന്നിൽനിന്ന് നയിച്ചു
2006 ഡിസംബർ 25-നാണ് അബ്ദുറഹീം ജയിലിലാകുന്നത്. അതിന് തലേദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹറിയുടെ സ്‌പോൺസർഷിപ്പിൽ, ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീം റിയാദിൽ എത്തിയത്.
ഈ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു റഹീം എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരനെ പരിചരിക്കലും വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകലും തിരിച്ചെത്തിക്കലുമായിരുന്നു അബ്ദുൽ റഹീമിന്റെ ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസ് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അനസിനെയുമായി ജി.എം.സി കാറിൽ പുറത്തുപോയതായിരുന്നു റഹീം. പിൻസീറ്റിൽ പ്രത്യേകം തയ്യാറാക്കിയ സീറ്റിലാണ് അനസ് ഇരിക്കുന്നത്. കാർ ഓടിക്കൊണ്ടിരിക്കെ റോഡിൽ സിഗ്നൽ പ്രത്യക്ഷപ്പെട്ടു. സ്വാഭാവികമായും അബ്ദുൾ റഹീം സിഗ്നലിൽ വാഹനം നിർത്തി. റെഡ് സിഗ്നൽ പരിഗണിക്കാതെ കാറെടുക്കാൻ അനസ് ആവശ്യപ്പെട്ടു. എന്നാൽ അതിന് റഹീം തയ്യാറായില്ല. പ്രകോപിതനായ അനസ് വഴക്കിടുകയും അബ്ദുൾ റഹീമിന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്തു. അത് തടയുന്നതിനിടെ റഹീമിന്റെ കൈ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ തട്ടി. ഇതോടെ അനസ് അബോധാവസ്ഥയിലായി. റിയാദിലെ അൽ അസീസിയ ഏരിയയിലെ ഹൈപ്പർ പാണ്ട മാർക്കറ്റിന് സമീപത്തായിരുന്നു ഇത്. തുടർന്ന് റഹീം തന്റെ ബന്ധുവായ നസീറിനെ ഫോണിൽ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുഹമ്മദ് നസീർ എത്തി അനസിനെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടിയെങ്കിലും വിജയിച്ചില്ല. പിന്നീട് പോലിസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയു ചെയ്തു.
റിയാദിലെ മാധ്യമ പ്രവർത്തകരായ ഷക്കീബ് കൊളക്കാടനും നജീം കൊച്ചുകലുങ്കും മറ്റൊരു കേസുമായി ബന്ധപെട്ട ജയിൽ സന്ദർശനത്തിനിടെയാണ് രണ്ട് മലയാളികൾ ജയിലിൽ കഴിയുന്നുണ്ടെന്ന സംഭവം അറിഞ്ഞത്. ഇക്കാര്യം ഇവർ പുറംലോകത്തെ അറിയിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശികളാണെന്നായിയുന്നു വിവരം. അപ്പഴേക്കും കേസിന്റെ പ്രാഥമിക നടപടിക്രമങ്ങളും അന്വേഷണവുമെല്ലാം ഏറെ മുന്നോട്ട് പോയിരുന്നു. അങ്ങിനെയാണ് കേസിൽ ഇടപെടുന്നത്.
ഒരു മില്യൺ റിയാലിൽനിന്നായിരുന്നു ദിയാധന ചർച്ച തുടങ്ങിയത്. 15 മില്യൺ റിയാൽ നൽകിയാൽ ശ്രമിക്കാമെന്നായി അഭിഭാഷകർ. അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവരായിരുന്നു റഹീമിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകർ. ഇവരാണ് ദിയാധനം സംബന്ധിച്ച ചർച്ചകളിൽ പങ്കുവഹിച്ചത്.
മറ്റൊരു ഇടപെടലും ഇക്കാര്യത്തിലുണ്ടാവരുതെന്നും ഇന്ത്യൻ എംബസിയുമായി മാത്രമായിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടർന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കൽ നിന്ന് പവർ ഓഫ് അറ്റോർണി എംബസിയുടെ പേരിലാക്കി. ആ കരാനുസരിച്ച് പതിനഞ്ച് മില്യൺ റിയാലിന് മൂല്യമനുസരിച്ച് മുപ്പത്തിനാല് കോടിയോളം രൂപയായിരുന്നു ആവശ്യം ഉണ്ടായിരുന്നത്.
ഈ തുക എങ്ങിനെ സംഘടിപ്പിക്കുമെന്ന കടുത്ത ആശങ്കയിലായിരുന്നു ആദ്യം. റിയാദിലെ മലയാളി സമൂഹം പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയതോടെ ധൈര്യപൂർവം കാര്യങ്ങൾ നീക്കി. വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കളുമായും മാധ്യമ പ്രവർത്തകരുമായും ആശയവിനിമയം നടത്തി. എല്ലാവരും പൂർണ്ണ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.