റിയാദ്: മികച്ച നിലവാരത്തിലുള്ള പാലും പാലുൽപ്പന്നങ്ങളും ഉണ്ടാക്കാനും ക്ഷീരകൃഷി മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കാനും ലക്ഷ്യമിട്ട് പരിസ്ഥിതി, ജല, കൃഷി വകുപ്പ് മക്കയിൽ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു.
ഈ പദ്ധതിയിലൂടെ കർഷകരെയും കന്നുകാലി വളർത്തുന്നവരെയും സഹായിക്കുകയും സുസ്ഥിരമായ ഭക്ഷ്യസുരക്ഷ കൈവരിക്കുകയുമാണ് ലക്ഷ്യം. ഉയർന്ന നിലവാരത്തിലുള്ള പാലുൽപ്പന്ന നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഡെയറി ഫാമുകൾ ആധുനികവത്കരിക്കുന്നതിനും പദ്ധതി സഹായം നൽകും.
കന്നുകാലികളുടെ പരിപാലനം, പോഷണം എന്നിവയിൽ പരിശീലനം നൽകുകയും ക്ഷീരോത്പാദന രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ക്ഷീര കർഷകർക്ക് മികച്ച വില ലഭിക്കുന്നതിന് വിപണന ശൃംഖലയും ശക്തിപ്പെടുത്തും.
സെപ്റ്റംബർ 9 നാണ് നിക്ഷേപ അവസരങ്ങൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ “അവസരങ്ങൾ” പ്ലാറ്റ്‌ഫോം സന്ദർശിച്ച് നിങ്ങൾക്ക് അപേക്ഷിക്കാം. ഈ പദ്ധതി രാജ്യത്തെ ക്ഷീരോത്പാദനം വർധിപ്പിക്കാനും ക്ഷീരകൃഷി മേഖലയെ കൂടുതൽ ലാഭകരമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.