റിയാദ്: സഊദിയിൽ തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ അഞ്ചു വിഭാഗമായി തരംതിരിച്ചാണ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കുന്നത്. ജൂലൈ ഒന്ന് മുതൽ അഞ്ച് ഭാഷകളിൽ നടക്കുന്ന പരീക്ഷകളിൽ വിജയിക്കുന്നവർക്ക് അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റും നൽകും. 23 പ്രധാന വകുപ്പുകൾക്ക് കീഴിലെ ആയിരത്തിലധികം പ്രോഫഷ്നുകൾ പരീക്ഷക്ക് വിധേയമാക്കുന്നുണ്ട്.
ഇന്ന് മുതൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികളിലെ തൊഴിലാളികൾക്കാണ് പരീക്ഷ നടപ്പിലാക്കുക. 500 മുതൽ 2,999 വരെ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതലും 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലും ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലും ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും.
ഒരു സ്ഥാപനത്തെയും പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇലക്ട്രിക്, പ്ലംബിങ്, മെക്കാനിക്, റഫ്രിജറേഷൻ, എയർ കണ്ടീഷനിങ്, മെഷിനറി മെയിൻറനൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻസ്, വെൽഡിങ്, ഖനനം, നിർമ്മാണ ജോലികൾ എന്നിവ മുൻനിര തൊഴിലുകളിലുൾപ്പെടും. മൊത്തം തൊഴിലാളികളുടെ 80 ശതമാനം പ്രതിനിധീകരിക്കുന്ന പരീക്ഷ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിൽ നടക്കും. അഞ്ചു വർഷത്തിനു ശേഷം പരീക്ഷ കൂടാതെ സർട്ടിഫിക്കറ്റ് പുതുക്കി നൽകും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആയിരം തൊഴിലുകൾ നിർവഹിക്കുന്ന 17 ലക്ഷം തൊഴിലാളികളെയാണ് യോഗ്യതാ പരീക്ഷ ലക്ഷ്യമിടുന്നത്. പരീക്ഷ പാസാകാൻ മൂന്നു തവണ അവസരം നൽകും.
മൂന്നാം തവണയും പരാജയപ്പെടുന്നവരെ തൊഴിൽ യോഗ്യതയില്ലാത്തവരായി കണക്കാക്കി രാജ്യത്തു നിന്ന് പുറത്താക്കും. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ ഭാരം സൃഷ്ടിക്കുന്ന, തൊഴിൽ നൈപുണ്യമില്ലാത്ത തൊഴിലാളികളിൽ നിന്ന് പ്രാദേശിക തൊഴിൽ വിപണിയെ മുക്തമാക്കാനാണ് സഊദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തകാമുൽ ബിസിനസ് സർവീസ് കമ്പനിയിൽ പ്രൊഫഷനൽ ടെസ്റ്റ് വിഭാഗം വ്യക്തമാക്കിയിരുന്നു.
കൂടുതൽ വായിക്കുക
“സഊദി യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം മുവ്വായിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക്“
“സഊദി യോഗ്യതാ പരീക്ഷ; ആർക്കൊക്കെ? ഏതെല്ലാം പ്രൊഫഷനുകളിൽ? വീഡിയോ“
“സഊദിയില്‍ തൊഴില്‍ പരീക്ഷ ബാധകമാവുന്ന ജനറല്‍ വിഭാഗത്തില്‍ പെടുന്ന പ്രൊഫഷനുകള്‍ അറിയാം“
“സഊദിയിലെ പുതിയ തൊഴിൽ നൈപുണ്യ പരീക്ഷ: മൂന്ന് തവണ എഴുതാൻ അവസരം, കൂടുതൽ വിവരങ്ങൾ“