സഊദിയിലെ മുഴുവൻ സ്കൂളുകളിലും ഞായറാഴ്ച മുതൽ ഡിജിറ്റൽ പഞ്ചിംഗ് നിർബന്ധമാക്കുന്നു

0
8

ജിദ്ദ: സഊദിയിലെ മുഴുവൻ സ്കൂളുകളിലും അടുത്ത ഞായറാഴ്ച മുതൽ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ഡിജിറ്റൽ പഞ്ചിംഗ് നിർബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. പരമ്പരാഗത രീതിയിൽ രജിസ്റ്ററിൽ ഒപ്പിട്ട് ഹാജർ രേഖപ്പെടുത്തുന്ന രീതി നാളെ അവസാനിക്കും. ഞായറാഴ്‌ച മുതൽ ഹാജർ രേഖപ്പെടുത്താൻ ഏകീകൃത ഡിജിറ്റൽ സംവിധാനമായ ഹുദൂരി നിർബന്ധമാക്കും. വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ അച്ചടക്കത്തിലും മാനവ വിഭവശേഷി മാനേജ്മെന്റിലും ഗുണപരമായ മാറ്റം കൈവരിക്കാനാണ് പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ പ്രവിശ്യകളിലെയും സ്കൂളുകൾക്ക് പുതിയ സംവിധാനത്തിൽ ജീവനക്കാരുടെ ഡാറ്റ രജിസ്റ്റർ ചെയ്യുന്നത് പൂർത്തിയാക്കാൻ മന്ത്രാലയം അനുവദിച്ച രണ്ടാഴ്ചത്തെ സമയം അവസാനിച്ചതോടെയാണ് അടുത്ത ഞായറാഴ്ച മുതൽ ഡിജിറ്റൽ പഞ്ചിംഗ് നിർബന്ധമാക്കുന്നത്. ജീവനക്കാരുടെ ഡാറ്റ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ നിശ്ചയിച്ച സമയത്തിനകം വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഇത് പുതിയ ഡിജിറ്റൽ യുഗത്തിലേക്കുള്ള പരിവർത്തനത്തിനായി എല്ലാ സ്കൂളുകളെയും പൂർണമായും സജ്ജമാക്കി.