Saturday, 27 July - 2024

സഊദിയിലെ പുതിയ തൊഴിൽ നൈപുണ്യ പരീക്ഷ: മൂന്ന് തവണ എഴുതാൻ അവസരം, കൂടുതൽ വിവരങ്ങൾ

റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള പ്രൊഫഷനൽ ടെസ്റ്റ് സംബന്ധമായി കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നു. തൊഴിലാളികൾക്ക് മൂന്നു തവണ പരീക്ഷക്ക് ഹാജരാകാൻ അവസരമുണ്ടാകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. സഊദിയിലുള്ള തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കാനും വർക്ക് പെർമിറ്റ് പുതുക്കാനും യോഗ്യതാ പരീക്ഷ പാസാകൽ നിർബന്ധമായിരിക്കും. മൂന്നു തവണയും പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുകയോ വർക്ക് പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യില്ല.

വൻകിട കമ്പനികളിലെയും സ്ഥാപനങ്ങളിലെയും വിദേശ തൊഴിലാളികൾക്ക് ജൂലൈ മുതൽ യോഗ്യതാ പരീക്ഷ നിർബന്ധമാകും. താരതമ്യേന വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഓഗസ്റ്റ് മുതലും ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ മുതലും ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് എ വിഭാഗം ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒക്‌ടോബറിലും ബി വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഡിസംബറിലും യോഗ്യതാ പരീക്ഷ നിർബന്ധമാകും.

സ്ഥാപന ഉടമകൾക്കാണ് തങ്ങളുടെ തൊഴിലാളികളെ പരീക്ഷക്ക് വേണ്ടി ഒരുക്കാനുള്ള ഉത്തരവാദിത്വം. ഇതിനായി സ്ഥാപനങ്ങൾ പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുകയും അപ്പോയിന്റ്റ്മെന്റ് ഉറപ്പിക്കുകയും വേണം. അപ്പോയിന്റ്‌മെന്റ് പ്രകാരം തൊഴിലാളികൾ പരീക്ഷാ സെന്ററിലെത്തി തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കണം. സഊദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ്, സഊദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് പോലുള്ള പ്രദേശിക അതോറിറ്റികളും ഏജൻസികളും ചേർന്നാണ് പരീക്ഷ നടത്തുക. തങ്ങൾ ചെയ്യുന്ന ജോലികൾ നിർവഹിക്കാൻ ആവശ്യമായ പരിജ്ഞാനങ്ങളും നൈപുണ്യങ്ങളും വിദേശികൾക്ക് ഉണ്ടെന്ന് ഉറപ്പു വരുത്താനാണ് പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

പരീക്ഷ നിർബന്ധമാകുന്ന പ്രോഫഷനുകൾ

വെൽഡിംഗ്, എൻജിൻ മെക്കാനിക്കൽ, കാർ റിപ്പയർ, എൻജിൻ റിപ്പയർ, ടെലികോം, ഇലക്‌ട്രോണിക്‌സ്, ആശാരിപ്പണി, ഡ്രില്ലിംഗ്, ഓയിൽ എക്‌സ്‌പ്ലോറേഷൻ, ഇലക്ട്രിക്കൽ, കെട്ടിട നിർമാണം, പ്ലംബിംഗ്, കാർ ഇലക്ട്രിക്കൽ, കാർ മെക്കാനിക്കൽ, എയർ കണ്ടീഷനിംഗ്, കൂളിംഗ്, കൊല്ലപ്പണി, കെട്ടിടങ്ങളിലെ ആശാരിപ്പണികൾ, പെയിന്റിംഗ്, സിമന്റ് തേപ്പ്, ടൈൽസ് പതിക്കൽ, മെറ്റൽ മേയ്ക്കിംഗ്, മെറ്റൽ പ്രോസസിംഗ് എന്നീ മേഖലകളിൽ അടക്കം ജോലി ചെയ്യുന്നവർക്ക് യോഗ്യതാ പരീക്ഷ നിർബന്ധമായിരിക്കും. സഊദി ഒക്യുപേഷനൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് 23 തൊഴിൽ കുടുംബങ്ങളുടെ പരിധിയിൽ വരുന്ന ആയിരത്തിലധികം പ്രത്യേക പ്രൊഫഷനൽ തൊഴിലുകളാണ് യോഗ്യതാ പരീക്ഷാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

യോഗ്യതാ പരീക്ഷയുടെ ആദ്യ ഘട്ടത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. പ്ലംബിംഗ്, ഇലക്ട്രിക്കൽ മേഖകളിൽ ജോലി ചെയ്യുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ രാജ്യത്തെ ഒമ്പതു നഗരങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ മേഖലയിലെ പതിനാലു സെന്ററുകൾ വഴി ഇപ്പോൾ സ്വമേധയാ യോഗ്യതാ പരീക്ഷക്ക് ഹാജരാകാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. റിയാദ്, മദീന, ജിദ്ദ, ദമാം, തായിഫ്, അബഹ, അൽഹസ, ബേശ്, റാസ്തന്നൂറ എന്നിവിടങ്ങളിലാണ് ഈ സെന്ററുകൾ പ്രവർത്തിക്കുന്നത്.

പുതിയ വിസയിൽ സഊദിയിലേക്ക് വരുന്നതിനു മുമ്പായി സ്വദേശങ്ങളിൽ വെച്ച് പ്രൊഫഷനൽ തൊഴിലാളികളുടെ കഴിവുകൾ പരീക്ഷ നടത്തി ഉറപ്പു വരുത്തണം. നിലവിക്സ ഊദിയിൽ ഉള്ള തൊഴിലാളികൾക്ക് പ്രൊഫഷനൽ ടെസ്റ്റ് പരീക്ഷ പാസാകണം.

Most Popular

error: