മനാമ: ബഹ്‌റൈനിൽ ഇന്ന് രാവിലെ വിമാനമിറങ്ങിയ നിരവധി പേരെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. വിവിധ രാജ്യക്കാർക്കൊപ്പം നിരവധി മലയാളികളും ഇവരിൽ ഉൾപ്പെടും. ഗവൺമെന്റ് പ്രഖ്യാപിച്ച നടപടികൾ അതി കർശനമായി നടപ്പിലാക്കിയതിനെ തുടർന്നാണ് നിരവധി പേർക്ക് വിനയായത്. കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. എമിഗ്രേഷൻ പൂർത്തിയായെങ്കിലും നിബന്ധനകൾ പൂർണ്ണമല്ലെന്ന് അറിയിച്ച് ആരോഗ്യ മന്ത്രാലയമാണ് ഇവരെ തടഞ്ഞു വെച്ചിരിക്കുന്നത്.
പുതിയ നിബന്ധന പ്രകാരം ബഹ്‌റൈനിൽ എത്തുന്നവർ ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. അതിനായി ഇവർ ഹോട്ടൽ ബുക്കിംഗ് കൈവശം വെക്കണം. അല്ലെങ്കിൽ സ്വന്തം പേരിലുള്ള താമസ സ്ഥലത്തിന്റെ കരാർ പകർപ്പോ സ്വന്തം പേരിലുള്ള ഇളക്ട്രിസിറ്റി ബില്ലോ കൈവശം വേണം. ഇതുള്ളവരെയാണ് പുറത്ത് വിടുന്നത്. ഇതില്ലാത്ത നൂറിലധികം ആളുകളെ ആരോഗ്യ വിഭാഗം തടഞ്ഞു വെക്കുകയായിരുന്നു. കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും നിബന്ധനകൾ പൂർണ്ണമായും ഒരു വിട്ടു വീഴ്ച കൂടാതെ നടപ്പിലാക്കുവാനുമാണ് തീരുമാനം.