കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് തുടരാൻ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുവൈത്തിലേക്ക് വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാന്‍ തീരുമാനം കൈകൊണ്ടത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വന്ന വിലക്കാണ് അനന്തമായി നീട്ടിയത്.
അതേസമയം, കുവൈത്ത് രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് യാത്രക്കാര്‍ക്ക് അനുമതി നല്‍കുന്നത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതിനും തോതിന്റെ സ്ഥിരതയും അനുസരിച്ചാകുമെന്ന് വ്യോമയാന ഡയറക്ടറേറ്റിലെ വ്യോമ ഗതാഗത വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ റാജിഹി പറഞ്ഞു. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചാലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗകര്യം ഉള്‍പ്പെടെ പരിഗണിച്ചാകും വ്യോമയാന വകുപ്പിന്റെ തീരുമാനം.
അതേസമയം, കുവൈത്തിലെ ഭാഗിക കർഫ്യു കൂടി ദീർഘിപ്പിച്ചിട്ടുണ്ട്. ഈ മാസം 22 വരെയാണ് നീട്ടിയത്. റമദാനില്‍ കര്‍ഫ്യൂ നാളുകളില്‍ റസ്റ്റൊന്റുകളിലും കഫെകളിലും ഡെലിവറി സേവനം വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 3 വരെ അനുവദിക്കും. കോ-ഓപ്പറേറ്റീവ് സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മുന്‍കൂര്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വൈകിട്ട് 7മുതല്‍ രാത്രി 12 വരെ ഷോപ്പിങ് സൌകര്യം ലഭ്യമാക്കും.