ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്തശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഉദയനിധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ ചോദ്യം ചെയ്തു കൊണ്ട് ഡിഎംകെ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ ചോദ്യം ചെയ്ത ശേഷം ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ ഉത്തരവിട്ടത്. സ്വന്തം ജാമ്യത്തിൽ ഉദയനിധിയെ വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടതെന്ന് ഡിഎംകെ മുതിർന്ന നേതാവും അഭിഭാഷകനുമായി എൻ. ആർ ഇളങ്കോ പറഞ്ഞു.
തഞ്ചാവൂരിൽ നടന്ന ഡിഎംകെ സമ്മേളനത്തിൽ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്ത് അപകീർത്തികരമായ പ്രസംഗം നടത്തി എന്ന പരാതിയിലാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ തൃഷയുടേയോ വിജയുടേയോ പേര് പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നും ഉദയനിധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ഉദയനിധിയെ ചോദ്യം ചെയ്ത് വിട്ടയക്കുമെന്നും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നും സർക്കാർ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണും വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലിനു ശേഷം ഉദയനിധി സ്റ്റാലിനെ ഇന്നുതന്നെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണവുമായി സഹകരിക്കാനും ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി ഉദയനിധിയോട് നിർദേശിച്ചിട്ടുണ്ട്.
തഞ്ചാവൂർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സഹകരിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. തഞ്ചാവൂരിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഉദയനിധിയെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
