അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനിൽ നിരവധി തൊഴിലവസരം. മേഖലയിൽ നിലവിലുള്ള പ്രതിസന്ധികൾക്കിടയിലും ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും വിപുലീകരണത്തിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ സജീവമായി തുടരുകയാണെന്നും എമിറേറ്റ്സിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2033ഓടെ ഏകദേശം 22,000 പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ക്യാബിൻ ക്രൂ, ഡയറക്ട് എൻട്രി ക്യാപ്റ്റൻ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
ക്യാബിൻ ക്രൂ
കുറഞ്ഞത് പ്ലസ് ടു പാസായിരിക്കണം. ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് മേഖലയിൽ ഒരു വർഷത്തിലധികം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും, കാൽവിരലുകളിൽ ഉയർന്ന് നിൽക്കുമ്പോൾ 212 സെന്റിമീറ്റർ വരെ കൈയെത്താനുള്ള കഴിവും നിർബന്ധമാണ്. ശരീരത്തിൽ പുറമേ കാണുന്ന രീതിയിലുള്ള ടാറ്റൂകൾ പാടില്ല. യുഎഇ എംപ്ലോയ്മെന്റ് വിസ നിബന്ധനകൾ പാലിക്കാൻ യോഗ്യരായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നികുതി രഹിത ശമ്പളമാണ് ലഭിക്കുക. പ്രതിമാസം 4,980 ദിർഹം (1,26,058 രൂപ) അടിസ്ഥാന ശമ്പളവും, മണിക്കൂറിന് 69.60 ദിർഹം (1,761 രൂപ) ഫ്ലൈയിംഗ് പേയും ലഭിക്കും. ശരാശരി 80 മുതൽ 100 മണിക്കൂർ പറക്കുന്നതിലൂടെ പ്രതിമാസം ഏകദേശം 11,244 ദിർഹം (2,84,619രൂപ) വരെ ശമ്പളം പ്രതീക്ഷിക്കാം.
ഡയറക്ട് എൻട്രി ക്യാപ്റ്റൻ
മൾട്ടി – ക്രൂ, മൾട്ടി – എഞ്ചിൻ വിമാനങ്ങളിൽ കുറഞ്ഞത് 7,000 മണിക്കൂർ പറന്ന പരിചയം ഉണ്ടായിരിക്കണം (പി3, റോട്ടറി, പിസ്റ്റൺ എയർക്രാഫ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല). നിലവിൽ എയർബസ് എഫ്ബിഡബ്ല്യു വൈഡ് – ബോഡി വിമാനങ്ങളിൽ (A330/A340/A350/A380) ക്യാപ്റ്റനായി ജോലി ചെയ്യുന്നവരായിരിക്കണം. ഈ വിമാനങ്ങളിൽ ക്യാപ്റ്റനായി 3,000 മണിക്കൂറും, കഴിഞ്ഞ 12 മാസത്തിനുള്ളിൽ 150 മണിക്കൂറും പറന്ന പരിചയം നിർബന്ധമാണ്.
സാധുവായ ഐസിഎഒ, എടിപിഎൽ, അതോറിറ്റി ക്ലാസ് 1 മെഡിക്കൽ സർട്ടിഫിക്കറ്റ്, ഐസിഎഒ ഇംഗ്ലീഷ് ലെവൽ അഞ്ച് അല്ലെങ്കിൽ അതിന് മുകളിലുള്ള യോഗ്യത ഉണ്ടായിരിക്കണം. നികുതി രഹിത വാർഷിക ശമ്പളമാണ്. 1.185 ദശലക്ഷം ദിർഹം (2,99,95,928 രൂപ) വരെയാണ് വാർഷിക ശമ്പളം. കമ്പനി വക താമസ സൗകര്യവും മൂന്ന് കുട്ടികൾക്ക് വരെ വിദ്യാഭ്യാസ അലവൻസും ലഭിക്കും.
വർഷത്തിൽ 42 കലണ്ടർ ദിവസത്തെ അവധി, ജീവനക്കാർക്കും ആശ്രിതർക്കും വാർഷിക അവധിക്കാല യാത്രയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എന്നിവ ലഭിക്കും. പെൻഷൻ വിഹിതം, സമഗ്ര മെഡിക്കൽ – ലൈഫ് ഇൻഷുറൻസ്, വാർഷിക ലാഭവിഹിതം, എമിറേറ്റ്സ് പ്ലാറ്റിനം കാർഡ് വഴി പ്രത്യേക ഡിസ്കൗണ്ടുകൾ എന്നിവയും ലഭിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
