ഗംഗയെ കൊന്ന ശേഷം ഗോകുൽ ഓടിക്കിതച്ചെത്തി, കുത്തേറ്റത് അടിവയറ്റിൽ

News Desk
1 Min Read

ബെംഗളൂരു: ബെംഗളൂരുവിൽ‌ മലയാളി നഴ്സായ ഗംഗ കൊല്ലപ്പെട്ടതിനു പിന്നാലെ അതിരാവിലെ സുഹൃത്തായ ഗോകുൽ കൃഷ്ണ ഹോട്ടൽ റിസപ്ഷനിലേക്ക് ഓടിക്കിതച്ചെത്തിയെന്ന് ഹോട്ടൽ‌ ജീവനക്കാരന്റെ മൊഴി.

തങ്ങൾ തമ്മിൽ വഴക്കുണ്ടായെന്നും ഗംഗയ്ക്ക് പരുക്കേറ്റെന്നും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഗോകുൽ പറഞ്ഞുവെന്ന് ലോഡ്ജ് ജീവനക്കാരൻ പറയുന്നു. ജീവനക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗോകുലിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ഗോകുൽ. വാക്കുതർക്കത്തെത്തുടർന്നാണ് അടൂർ സ്വദേശി ഗംഗയെ കൊല്ലം സ്വദേശിയായ ഗോകുൽ‌ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവരും ബിഎസ്‌സി നഴ്സിങ് ബിരുദധാരികളായിരുന്നു. 

ഗോകുലിന്റെ ജൂനിയറായിരുന്നു ഗംഗ. പഠനം കഴിഞ്ഞ ഗംഗയ്ക്ക് ജോലി തേടിയാണ് ഇരുവരും ബെംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ നാലുവർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു.

ഇന്നലെ രാവിലെയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നുവെന്നാണ് വിവരം. ഗംഗയുടെ അടിവയറിന്റെ ഇടതുഭാഗത്തായാണ് ഗോകുൽ മൂർച്ചയുള്ള കത്തികൊണ്ട് കുത്തിയത്. അമിതമായി രക്തം വാർന്നുപോയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടൺപേട്ട പോലീസാണ് കേസന്വേഷിക്കുന്നത്.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!