ലോക്സഭാ സീറ്റുകൾ 850 ആക്കാൻ നീക്കം; മണ്ഡല പുനർനിർണയ ബിൽ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും

News Desk
1 Min Read

ന്യൂഡൽഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് (വെള്ളി) പരിഗണിക്കും. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡല പുനർനിർണയ ബില്ലിനൊപ്പം സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ബില്ലും കേന്ദ്രസർക്കാർ കൊണ്ടുവരും.

മുൻപ് ഈ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തതിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ പ്രാദേശിക പാർട്ടികളുടെ നിലപാടുകൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള വ്യവസ്ഥകളോടെയായിരിക്കും പുതിയ ബിൽ സഭയിലെത്തുക. സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കുന്നതിനായി പ്രതിപക്ഷ ചേരിയിലുള്ള ചില പാർട്ടികളെയും അംഗങ്ങളെയും തങ്ങൾക്കൊപ്പം നിർത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് നടന്നിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടാവുന്നതോടെയാണ് ആകെ സീറ്റുകൾ 850 ആയി ഉയരുക. 2011-ലെ സെൻസസ് കണക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും സീറ്റുകളുടെ ഈ വർധന നടപ്പാക്കുന്നത്. കൂടാതെ, സീറ്റുകളുടെ എണ്ണം അടുത്ത 25 വർഷത്തേക്ക് ഉയർത്തുന്നത് മരവിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാവും. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയാൽ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ നാലുദിവസത്തെ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!