ടെഹ്റാൻ: ഇറാനിൽ പത്തൊൻപതുകാരിയായ ഗർഭിണിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തി. ഹെലിയ ഫത്താഹി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഹെലിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.
ഇയാളിൽനിന്ന് ഗർഭം ധരിച്ചെന്ന് കഴിഞ്ഞാഴ്ച ഹെലിയ വീട്ടുകാരോട് തുറന്നുപറഞ്ഞിരുന്നു. ഇതിൽ പ്രകോപിതരായ മാതാപിതാക്കൾ ഹെലിയയെ ക്രൂരമായി മർദിക്കുകയും അപസ്മാരത്തിന് നൽകുന്ന ഗുളികകൾ നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തു. പിന്നാലെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
പടിഞ്ഞാറൻ ഇറാനിയൻ നഗരമായ സനന്ദജിലാണ് നാടിനെ നടുക്കിയ സംഭവം. കേസിൽ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഹെലിയക്കെതിരെ പരാതി നൽകാൻ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. അവിടെനിന്നും മടങ്ങിയെത്തിയ ശേഷമാണ് മകൾക്ക് 30 ഗുളികകൾ നിർബന്ധിച്ച് നൽകിയത്. എന്നാൽ ഗുളിക കഴിച്ചിട്ടും മകൾ മരിച്ചില്ലെന്ന് മനസ്സിലായതോടെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
