- റിഫൈനറി പ്രവർത്തനം നിർത്തി
ജിസാൻ: സഊദി അറേബ്യയിലെ ജിസാൻ റിഫൈനറിക്ക് നേരെ വ്യാഴാഴ്ച ഹൂതി വ്യോമപ്രൊജക്ടൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അരാംകോ റിഫൈനറിക്ക് നേരെ ആക്രമണമുണ്ടായതായി ഊർജ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഒരു നേപ്പാളി തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് റിഫൈനറിയിൽ തീപിടിത്തമുണ്ടായെങ്കിലും അത് നിയന്ത്രണവിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് റിഫൈനറിയുടെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച റിപ്പോർട്ടുകൾ അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കിയതായും റിഫൈനറിയിലെ സുരക്ഷാ നടപടികൾ തുടരുന്നതായും റിപ്പോർട്ടിലുണ്ട്. അടിയന്തര സേനാ വിഭാഗങ്ങളും വിദഗ്ധ സാങ്കേതിക സംഘങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചുകൊണ്ട്, നാശനഷ്ടങ്ങൾ വിലയിരുത്തുകയും സൗകര്യങ്ങളുടെ സുരക്ഷ പരിശോധിക്കുകയും ചെയ്തുവരികയാണെന്ന് ഒരു വൃത്തം അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ അവർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
