കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നു; എം.പി.മാർ ഒറ്റക്കെട്ടായി ഇടപെടണമെന്ന് മുഖ്യമന്ത്രി

News Desk
1 Min Read

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും അർഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ എം.പി.മാർ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ചേർന്ന എം.പി.മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലയളവിൽ ലഭിച്ച 55,000 കോടി രൂപയുടെ റവന്യൂക്കമ്മി ഗ്രാന്റ് ഇത്തവണ പൂർണമായി ഒഴിവാക്കിയത് വലിയ പ്രതിസന്ധിയുണ്ടാക്കി. ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനമായിരുന്ന വായ്പാപരിധിയിൽ ഊർജമേഖലയുമായി ബന്ധപ്പെട്ട 0.5 ശതമാനം അനുവദിക്കാത്തതും തിരിച്ചടിയാണ്- മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും നൽകിയ നിവേദനങ്ങളിലെ വിഷയങ്ങളിൽ അനുകൂല തീരുമാനത്തിന് എം.പി.മാർ ഇടപെടാൻ തീരുമാനിച്ചു.

മിഷൻ സമുദ്രയും കൊല്ലത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും മുൻനിർത്തി സംസ്ഥാനത്ത് മാരിടൈം സർവകലാശാല സ്ഥാപിക്കാനുള്ള സാധ്യതയും യോഗത്തിൽ ഉന്നയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ അർഹമായ ജലവിഹിതം കിട്ടാത്തത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

മന്ത്രിമാരായ സണ്ണി ജോസഫ്, കെ. മുരളീധരൻ, കെ.എം. ഷാജി, പി.സി. വിഷ്ണുനാഥ്, എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, എൻ.എസ്.കെ. ഉമേഷ് എന്നിവർ നേരിട്ടും മറ്റ് എം.പി.മാരും ഉന്നത ഉദ്യോഗസ്ഥരും ഓൺലൈനായും പങ്കെടുത്തു.

കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ

വിഴിഞ്ഞം-ബാലരാമപുരം റെയിൽപ്പാതയ്ക്ക് സംസ്ഥാനം ഇതിനകം 541 കോടി ചെലവഴിച്ചു. സർക്കാരിതര റെയിൽവേ വികസന മാതൃക പുനഃപരിശോധിച്ച് സഹായധനവും നിർമാണവും നടത്തിപ്പും കേന്ദ്ര റെയിൽവേ മന്ത്രാലയം ഏറ്റെടുക്കണം.
പൂവാർ-വിഴിഞ്ഞം മേഖലയിൽ ഗ്രീൻഫീൽഡ് കപ്പൽനിർമാണ-അറ്റകുറ്റപ്പണി ക്ലസ്റ്റർ
ഗ്രീൻ ബങ്കറിങ്, ഗ്രീൻ ഹൈഡ്രജൻ, തുറമുഖശേഷി, തുറമുഖ അനുബന്ധ വ്യവസായം, ലജിസ്റ്റിക്‌സ് പാർക്കുകൾ, റെയിൽ, റോഡ്
സി.ആർ.ഇസഡ്. വിജ്ഞാപനം പുനഃപരിശോധിക്കണം
ദേശീയപാത 66-ന്റെ ഭൂമിയേറ്റെടുക്കലിനുള്ള സംസ്ഥാനവിഹിതം, പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്
പരിസ്ഥിതിലോലമേഖല (ഇ.എസ്.എ.): ഒന്നാംഘട്ടമായി സംസ്ഥാനം ശുപാർശചെയ്ത 98 വില്ലേജുകൾ (8590.69 ചതുരശ്ര കിലോമീറ്റർ) ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം ഇറക്കണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!