ഗൾഫിൽ നിന്നുള്ള കൊച്ചി ഇൻഡി​ഗോ വിമാനത്തിൽ നാടകീയ രംഗങ്ങൾ; സഹയാത്രികനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

malayalampress
1 Min Read

കൊച്ചി: അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു വിമാനത്തിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ റോഷൻ മാർട്ടിൻ എന്നയാളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സഹയാത്രികനായ യൂസഫിനാണ് മർദ്ദനമേറ്റത്.

പൊലിസ് നൽകുന്ന വിവരമനുസരിച്ച്, വിമാനയാത്രയ്ക്കിടെ റോഷൻ മാർട്ടിൻ യൂസഫിനെ മുഖത്തടിക്കുകയും ഇതിൽ യൂസഫിന്റെ കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരുക്കേൽക്കുകയും ചെയ്തു. കൂടാതെ, തന്റെ ബെൽറ്റ് ഊരിയെടുത്ത് യൂസഫിനെ ശ്വാസം മുട്ടിക്കാൻ പ്രതി ശ്രമിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

സംഭവസമയത്ത് 30D സീറ്റിലായിരുന്നു റോഷൻ മാർട്ടിൻ ഇരുന്നിരുന്നത്. തൊട്ടുപിന്നിലെ 31B സീറ്റിലായിരുന്നു മർദ്ദനമേറ്റ യൂസഫിന്റെ സ്ഥാനം. ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നിലെ കാരണമെന്താണെന്നോ, യാത്രയ്ക്ക് മുൻപ് ഇവർക്ക് പരസ്പരം പരിചയമുണ്ടായിരുന്നോ എന്നോ വ്യക്തമായിട്ടില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പൊലിസ്, ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 115(2) (സ്വമേധയാ പരിക്കേൽപ്പിക്കൽ), സെക്ഷൻ 118(1) (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരനായ യൂസഫിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!