സതീശൻ്റെ ഒറ്റയാൾ പോക്കിനെതിരെ എ ഗ്രൂപ്പിൻ്റെ മാസ്റ്റർ സ്ട്രോക്ക്; ഖാർഗെയെ കണ്ട് പരാതികളുടെ കെട്ടഴിച്ച് നേതാക്കൾ

News Desk
1 Min Read

ഡൽഹി: കേരളത്തിൽ വി.ഡി. സതീശൻ്റെ ഒറ്റയാൾ പോക്കിനെതിരെ എ ഗ്രൂപ്പിൻ്റെ മാസ്റ്റർ സ്ട്രോക്ക്. എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹ്‌നാനും ഷാഫി പറമ്പിലും കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതികളുടെ കെട്ടഴിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

കെപിസിസി പ്രസിഡൻ്റിനെ പോലും ഇരുട്ടിൽ നിർത്തിയുള്ള സതീശൻ്റെ ഏകപക്ഷീയ നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പാർട്ടി അധ്യക്ഷനോട് എ ഗ്രൂപ്പ് പരാതിപ്പെട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അതേസമയം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ഹൈക്കമാൻഡിനെ കാണാൻ ഉടനെ ഡൽഹിയിൽ എത്തുമെന്നാണ് വിവരം. ഷാഫി എ ഗ്രൂപ്പിൻ്റെ ഭാഗമല്ലെന്നും പരാതി പറയാൻ വേദിയില്ലാതെ താൻ ഉൾപ്പെടെ കടിച്ച് പിടിച്ച് നിൽക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താനും തുറന്നടിച്ചു. ഗ്രൂപ്പുകളെ പാർട്ടി പ്രവർത്തകർ അംഗീകരിക്കില്ലെന്ന് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. പരാതികൾ പറയേണ്ട സ്ഥലത്ത് പറയുന്നതിൽ തർക്കമില്ലെന്നും പാർട്ടിയും സർക്കാരും ഒരുമിച്ച് തന്നെയാണ് നീങ്ങുന്നതെന്നും മന്ത്രി കെ. മുരളീധരൻ നിലപാട് വ്യക്തമാക്കി.

“കോൺഗ്രസ് അധ്യക്ഷനെ ആർക്കും കാണാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടി പ്രസിഡൻ്റ് പറയുന്ന രീതിയിൽ തന്നെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട്. സർക്കാർ പരാജയമാണെന്ന് പറയുന്നത് ശരിയല്ല. പരാതികൾ പറയേണ്ട സ്ഥലത്ത് പറയുന്നതിൽ തർക്കമില്ല. സർക്കാർ കാലാവധി മാത്രമല്ല ഭരണ തുടർച്ചയും ഉണ്ടാകും. മന്ത്രിസഭയ്ക്ക് ഒരു സമ്മർദ്ദവുമില്ല,” മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

“ഒരു ഗ്രൂപ്പിനെയും പാർട്ടി പ്രവർത്തകർ അംഗീകരിക്കില്ല. പത്തു വർഷം അടികൊണ്ടതും ജയിലിൽ കിടന്നവരും ആയ പ്രവർത്തകർ ഗ്രൂപ്പിൻ്റെ പേരിൽ ഭിന്നിക്കില്ല. കെപിസിസി പുനഃസംഘടിപ്പിക്കുന്ന കാര്യം ദേശീയ നേതൃത്വം പരിശോധിക്കട്ടെ. അതിൽ ആർക്കും തർക്കമില്ല. അതിൻ്റെ പേരിൽ കലാപം നടക്കുന്നു എന്ന വാർത്ത പൂർണമായും തെറ്റാണ്. ആരെങ്കിലും അതിന് തുനിയുന്നുണ്ടെങ്കിൽ പ്രവർത്തകർ ഒറ്റപ്പെടുത്തും,” കെ. മുരളീധരൻ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!