ചണ്ഡിഗഡ്: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടന കേസില്‍ പഞ്ചാബില്‍ നിന്ന് യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. മഹക്ദീപ് കൗര്‍(21), ദവീന്ദര്‍ സിംഗ് (22)എന്നിവരാണ് പിടിയിലായത്. രാജസ്ഥാന്‍ ആന്റി ടെറര്‍ സ്‌ക്വാഡ്, ശ്രീഗംഗാനഗര്‍ പോലീസ്, പഞ്ചാബ് പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പേരുമായി കൗര്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ‘ചാച്ച’, ‘ഷാ’ എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. പ്രണയം നടിച്ച് സംസാരിച്ചും പണം നല്‍കിയുമാണ് ഇവര്‍ കൗറിനെ വലയിലാക്കിയത്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ ഇത്തരം രീതികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഗംഗാനഗര്‍ സ്വദേശിനിയായ ബബിത എന്ന സ്ത്രീയെ കുടുക്കാനും ഐ എസ് ഐ സമാനമായ രീതിയാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു കൗര്‍. റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടത്തുന്നതിനായി കൗറിന് പണം ലഭിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇവരില്‍ നിന്ന് രണ്ട് ആയുധങ്ങളും 46 കാട്രിഡ്ജുകളും 30,000 രൂപയും പോലീസ് പിടിച്ചെടുത്തു. കൂടാതെ, പ്രതികള്‍ക്ക് താമസസ്ഥലം, മോട്ടോര്‍സൈക്കിള്‍, കുറ്റകൃത്യ സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ നല്‍കി സഹായിച്ചതായി സംശയിക്കുന്ന മറ്റ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിന് സമീപമുള്ള റാംസിംഗ്പൂരില്‍ നവംബര്‍ 3ന് രാത്രി 9.45 ഓടെയാണ് റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് റെയില്‍വേ സ്ലീപ്പറുകള്‍ തകരുകയും ട്രാക്കിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.സ്‌ഫോടനത്തില്‍ ഏകദേശം 2.5 അടി ആഴത്തിലുള്ള കുഴി രൂപപ്പെടുകയും ചെയ്തു. സ്‌ഫോടനത്തിന് ഏകദേശം 75 മിനിറ്റ് മുമ്പ് അനൂപ്ഗഡ്-സൂറത്ഗഡ് പാസഞ്ചര്‍ തീവണ്ടി ഈ ട്രാക്കിലൂടെ കടന്നുപോയിരുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
