ന്യൂഡൽഹി: ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18 വയസ്സുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി സ്വദേശിയായ ശബ്നം എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ സുഹൃത്തായ സൂരജ് എന്ന യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
മോതി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്സ്റ്റൈൽസിലാണ് ശനിയാഴ്ച വൈകുന്നേരം കൊലപാതകം റിപ്പോർട്ട് ചെയ്തത്. ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ് ശബ്നം. ഷിഫ്റ്റ് അവസാനിക്കാറായ സമയത്ത് ഷോറൂമിലെത്തിയ പ്രതി ശബ്നത്തെ ട്രയൽ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
രാത്രി ഒമ്പത് മണിയോടെ ഷോറൂം അടയ്ക്കുന്നതിന് മുന്നോടിയായി ജീവനക്കാർ ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ ശബ്നത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം നഗരത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടവർ ലൊക്കേഷൻ നിരീക്ഷിച്ച് പോലീസ് പിടികൂടുകയായിരുന്നു.
മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി അകൽച്ചയിലായിരുന്നു. പ്രണയപ്പകയോ വ്യക്തിപരമായ തർക്കങ്ങളോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
