സഊദി ചുറ്റിക്കാണാം, ആസ്വദിക്കാം ട്രൈയിനിലൂടെ; അൾട്രാ ലക്ഷ്വറി മരുഭൂമി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് കണ്ട് ഞെട്ടരുത് 

malayalampress
2 Min Read
  • പ്രൈവറ്റ് സ്വീറ്റിൽ രണ്ടുപേർക്ക് 3 ദിവസത്തെയും 4 ദിവസത്തെയും യാത്രകൾക്ക് 86,250 റിയാൽ മുതൽ

ദുബായ്: സഊദി അറേബ്യയിലുടനീളമുള്ള മരുഭൂമി കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ആദ്യ അൾട്രാ ലക്ഷ്വറി ട്രെയിൻ യാത്രകൾക്കായി ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ പദ്ധതി റിസർവേഷനുകൾ ആരംഭിച്ചു. 2027 ഒക്ടോബറിലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. സഊദി അറേബ്യൻ റെയിൽവേസും ഇറ്റലിയിലെ അർസെനാലെ ഗ്രൂപ്പും സംയുക്തമായി വികസിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ അൾട്രാലക്ഷ്വറി ഡെസേർട്ട് ട്രെയിൻ പദ്ധതിയാണിത്.

റിയാദിൽ നിന്ന് പുറപ്പെട്ട് സഊദിയുടെ വടക്കൻ മരുഭൂമി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന ട്രെയിൻ മികച്ച റെയിൽ ടൂറിസം അനുഭവം നൽകും. രാജ്യത്തിന്റെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും പരിചയപ്പെടുത്തുന്നതോടൊപ്പം ആഡംബര ട്രെയിൻ യാത്രയിൽ പുതിയൊരു തരം തരംഗം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സൗകര്യങ്ങൾ, നിരക്കുകൾ

24 ലക്ഷ്വറി സ്വീറ്റുകൾ, പ്രത്യേക റെസ്റ്റോറന്റ് കാര്യേജ്, പരമ്പരാഗത സഊദി മജ്ലിസിന്റെ മാതൃകയിലുള്ള ലോഞ്ച് എന്നിവ ട്രെയിനിലുണ്ടാകും. ആധുനിക സേവനങ്ങളും പ്രാദേശിക സംസ്കാരത്തിന്റെ ഘടകങ്ങളും ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു. മൂന്ന് മുതൽ നാല് ദിവസം വരെ നീളുന്ന യാത്രകൾ അൽ ജൗഫ്, ഹായിൽ, ഖസീം തുടങ്ങിയ വടക്കൻ മേഖലകളിലൂടെ കടന്നുപോകും.

രണ്ട് രാത്രികൾ നീളുന്ന യാത്രയ്ക്ക് സ്വകാര്യ സ്വീറ്റിൽ രണ്ടുപേർക്ക് 86,250 റിയാൽ (ഏകദേശം 23,000 യു.എസ് ഡോളർ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ഈ യാത്രാനിരക്കിൽ വാറ്റ് (VAT), താമസസൗകര്യം, ട്രെയിൻ, ലക്ഷ്യസ്ഥാനങ്ങൾ എന്നിവിടകളിലെ ഭക്ഷണം, യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

രണ്ട് പ്രധാന യാത്രകളാണ് തുടക്കത്തിൽ ലഭ്യമാകുക:

  •  ഡെസേർട്ട് കിംഗ്ഡംസ് (4 ദിവസത്തെ യാത്ര): അൽ ജൗഫ്, ഹായിൽ എന്നിവ പര്യവേക്ഷണം ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ മാരിദ് കോട്ടയിലെ ഗാല ഡിന്നറും അജ മലനിരകളിലെ സാംസ്കാരിക അനുഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
  • ഷാഡോസ് ഓഫ് അജ (3 ദിവസത്തെ യാത്ര): ഹായിൽ, അൽ ഖസീം വഴി സഞ്ചരിക്കുന്നു. മരുഭൂമി യാത്രകൾ, നക്ഷത്ര നിരീക്ഷണം, പരമ്പരാഗത സൗദി ഭക്ഷണാനുഭവങ്ങൾ എന്നിവ ഇതിലുണ്ട്.

സഊദി പാരമ്പര്യം വ്യക്തമാക്കുന്ന ഡിസൈനുകളും ആതിഥ്യമര്യാദയും ട്രെയിനിന്റെ ഇന്റീരിയറിൽ പ്രതിഫലിക്കും. വലിയ നഗരങ്ങൾക്ക് പുറത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിനും ലക്ഷ്വറി ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ പരിശ്രമങ്ങളുടെ ഭാഗമാണിത്. ഭാവിയിൽ അൽ ഉലയിലേക്ക് പ്രത്യേക സർവീസുകളും പ്രൈവറ്റ് ചാർട്ടർ സൗകര്യങ്ങളും ലഭ്യമാക്കാൻ പദ്ധതിയുണ്ട്. 2027 ഒക്ടോബറിലെ ആദ്യ സർവീസിന് മുന്നോടിയായി ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article