രാജകുമാരി: ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ ചേരിയാറിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ചേരിയാർ സ്വദേശി റാണിയുടെ (57) മൃതദേഹമാണു വികൃതമാക്കപ്പെട്ട നിലയിൽ വീടിനു സമീപത്തെ നടപ്പാതയിൽ കണ്ടെത്തിയത്.
മൃതദേഹം കിടന്ന സ്ഥലത്തിനു സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ കാണാനില്ലെന്നും ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലീസ് പറഞ്ഞു. 25 വർഷം മുൻപ് തമിഴ്നാട്ടിലെ തേനിയിൽവച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റാണി. ശിക്ഷ കഴിഞ്ഞ് കേരളത്തിലെത്തി ചേരിയാറിൽ സ്ഥലംവാങ്ങി താമസിച്ചു വരുകയായിരുന്നു.
കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികളാരും കണ്ടിട്ടില്ല. ചേരിയാറിൽ തന്നെയുള്ള സുഹൃത്തായ വീട്ടമ്മ റാണിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇവർ ഇന്നലെ ഉച്ചയോടെ റാണിയുടെ വീട്ടിലെത്തിയപ്പോഴും കണ്ടില്ല. വീടിന്റെ വാതിലുകൾ തുറന്നുകിടക്കുകയായിരുന്നു. സമീപത്തെ നടപ്പാതയിലെത്തിയപ്പോഴാണു മൃതദേഹം കണ്ടത്.
റാണിയുടെ മൃതദേഹത്തിൽ വലതുകൈയുടെ ഭാഗത്ത് അസ്ഥി മാത്രമാണുള്ളത്. ബാക്കിയുള്ള ഭാഗം മുറിച്ചുനീക്കിയ നിലയിലാണ്. തലയിലും ഗുരുതര പരുക്കുകളുണ്ട്. റാണിയെ പുലിയോ കടുവയോ ആക്രമിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്കെത്തി.
എന്നാൽ ഇൗ മേഖലയിൽ പുലി, കടുവ എന്നിവയുടെ സാന്നിധ്യമില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചുപറഞ്ഞു. മൂന്നാർ–കുമളി സംസ്ഥാനപാതയിൽ ചേരിയാർ ടൗണിൽനിന്ന് 200 മീറ്റർ അകലെയാണു റാണിയുടെ വീട്. ഇവിടേക്കു നടപ്പുവഴി മാത്രമാണുള്ളത്. ഇൗ ഭാഗത്തെ അവസാനത്തെ വീടാണു റാണിയുടേത്. അതുകഴിഞ്ഞാൽ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണ്.
റാണിയുടെ വീടിനു സമീപം താമസിച്ചിരുന്ന 2 അതിഥിത്തൊഴിലാളികളെ കാണാനില്ലെന്നു പൊലീസ് സ്ഥിരീകരിച്ചതോടെയാണു റാണിയുടേതു കൊലപാതകമാണെന്ന നിഗമനത്തിലേക്കെത്തിയത്. വീടിനുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ല. സ്വർണാഭരണങ്ങൾ ധരിക്കാത്തയാളാണു റാണി. അതിനാൽ സ്വർണത്തിനു വേണ്ടിയല്ല കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ മോഷണം നടന്നിട്ടുണ്ടോയെന്നതും വ്യക്തമല്ല.
ശാസ്ത്രീയ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
