അബുദാബി: യുഎഇയിൽ മുസ്ലിം ഇതര ആരാധനാലയങ്ങൾക്ക് നിയന്ത്രണങ്ങളും കർശന നിബന്ധനകളും ഏർപ്പെടുത്തി ഭരണകൂടം പുതിയ നിയമ ലംഘന നിർവചന വിജ്ഞാപനം പുറപ്പെടുവിച്ചു. നിർദിഷ്ട കെട്ടിടങ്ങൾക്ക് വെളിയിലെ മതപരമായ ചടങ്ങുകൾ, അനുമതിയില്ലാത്ത സംഭാവന സ്വീകരിക്കൽ, വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായുള്ള ഔദ്യോഗിക ബന്ധങ്ങൾ തുടങ്ങി 24 തരത്തിലുള്ള ലംഘനങ്ങൾക്കാണ് പിഴയും പ്രവർത്തന വിലക്കും ഉൾപ്പെടെയുള്ള നടപടികൾ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഒക്ടോബർ പകുതിയോടെ നിലവിൽ വന്ന പുതിയ മന്ത്രിസഭാ പ്രമേയം അനുസരിച്ച് ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 5,000 ദിർഹം മുതൽ 7.5 ലക്ഷം ദിർഹം വരെയാണ് പിഴ തുക. തെറ്റ് ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം മൂന്നു മാസം വരെ താൽക്കാലികമായി നിർത്തിവയ്പ്പിക്കാനും സമാന കാലയളവിലേക്ക് വിലക്ക് നീട്ടാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
അനുമതിയില്ലാതെ ലൈസൻസ് പുതുക്കാതിരിക്കുക, നിയുക്ത സൂപ്പർവൈസർ ഇല്ലാതെ പ്രവർത്തിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് ആദ്യഘട്ടത്തിൽ താക്കീതും തുടർന്ന് 5,000 മുതൽ 50,000 ദിർഹം വരെ പിഴയുമാണ് ഈടാക്കുക. വീഴ്ചകൾ പരിഹരിക്കാൻ 10 മുതൽ 60 ദിവസം വരെ സമയം നൽകും.
യുഎഇക്ക് പുറത്തുനിന്നുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ധനസഹായം, സംഭാവനകൾ എന്നിവ സ്വീകരിക്കുന്നതിന് 1 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. വിദേശത്തേക്ക് ധനസഹായം കൈമാറുന്നതിന് 50,000 മുതൽ 2.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. രാജ്യത്തെ ബാങ്കുകളിൽ ഔദ്യോഗിക അക്കൗണ്ട് തുറക്കാതിരിക്കൽ, പണം ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുൻപ് ചെലവഴിക്കൽ, ഫണ്ട് ലക്ഷ്യമിട്ട കാര്യങ്ങൾക്ക് അല്ലാതെ ഉപയോഗിക്കൽ എന്നിവയ്ക്കും കർശന പിഴ തുക പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾക്കല്ലാതെ മറ്റു കാര്യങ്ങൾക്ക് കെട്ടിടം ഉപയോഗിച്ചാലോ അനുമതി ലഭിച്ച കെട്ടിടത്തിന് പുറത്ത് മതപരമായ ചടങ്ങുകൾ, ആചാരങ്ങൾ എന്നിവ സംഘടിപ്പിച്ചാലോ 1 ലക്ഷം മുതൽ 4 ലക്ഷം ദിർഹം വരെ പിഴയീടാക്കും. ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങൾ വ്യക്തികൾക്കോ ആരാധകർക്കോ ജീവനക്കാർക്കോ ശാരീരിക പരുക്കോ ആരോഗ്യ സുരക്ഷാ ഭീഷണിയോ ഉണ്ടാക്കിയാൽ ആദ്യ തവണ 1 ലക്ഷം ദിർഹം പിഴയും ആവർത്തിച്ചാൽ മൂന്നു മാസത്തേക്ക് അടച്ചിടാനുമാണ് ഉത്തരവ്.
വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ ചേർന്ന് യോഗങ്ങളോ സമ്മേളനങ്ങളോ സംഘടിപ്പിക്കൽ, മറ്റ് നയതന്ത്ര സാന്നിധ്യങ്ങളുമായോ ഔദ്യോഗിക സ്ഥാപനങ്ങളുമായോ ബന്ധം സ്ഥാപിക്കൽ എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന പിഴ തുകയായ 7.5 ലക്ഷം ദിർഹം വരെ നിശ്ചയിച്ചിട്ടുള്ളത്. മാധ്യമത്തിലൂടെയോ സമൂഹ മാധ്യമത്തിലൂടെയോ ഉള്ള സംഭാവന പിരിവും പരസ്യവും നിയമവിരുദ്ധമാക്കിയിട്ടുണ്ട്.
അതേസമയം, ഭരണകൂടം ചുമത്തുന്ന പിഴയും മറ്റ് നടപടികളും സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികൾക്ക് അപ്പീൽ നൽകാൻ ആരാധനാലയങ്ങൾക്ക് അവകാശമുണ്ടായിരിക്കും. നിർദിഷ്ട സമയപരിധിക്കുള്ളിൽ നൽകുന്ന അപ്പീലുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
