റിയാദ്: നാലര പതിറ്റാണ്ട് നീണ്ട പ്രവാസ അനുഭവങ്ങളും ഓര്‍മ്മകളും മനസ്സില്‍ സൂക്ഷിച്ചു മൊയ്തു ഹാജി പ്രവാസത്തോട് വിട പറയുന്നു. നാട്ടില്‍ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ കാലത്ത് പ്രവാസത്തിലേക്ക് വിമാനം കയറിയ മൊയ്തു ഹാജി തനിക്കും കുടുംബത്തിനും താങ്ങും തണലുമായ പ്രവാസ നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ സൂക്ഷിക്കുന്നു.
മലപ്പുറം പൊന്‍മള കോല്‍ക്കളം സ്വദേശിയായ പാട്ടുപാറ മൊയ്തു ഹാജി 1982 ലാണ് റിയാദിലെത്തുന്നത്. അന്ന് പഴയ വിമാനത്താവളം സുലൈമാനിയയില്‍ ആയിരുന്നു. ഒരു നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയായിട്ടാണ് വന്നത്. ഏതാനും വര്‍ഷങ്ങള്‍ കമ്പനിയുടെ അല്‍ ഖസീമിലുള്ള സൈറ്റില്‍ ആയിരുന്നു. കൊടും തണുപ്പ് സഹിച്ചാണ് അവിടെ ജോലി ചെയതത്. അന്ന് താമസിച്ചിരുന്ന കെട്ടിടത്തില്‍ വൈദ്യുതി ഇല്ലായിരുന്നു. കൂടെ ജോലി ചെയ്തിരുന്നത്
കൂടുതലും പാകിസ്ഥാനികള്‍ ആയിരുന്നു. അന്ന് മലയാളം ഒഴികെ മറ്റു ഭാഷകള്‍ ഒന്നും അറിയില്ലായിരുന്നു. അതിനാല്‍ വലിയ ബുദ്ധിമുട്ട് ആയിരുന്നു വെന്ന് ഹാജി പറഞ്ഞു.
അസുഖം വന്ന് ആശുപത്രിയില്‍ പോയാല്‍ പോലും ആംഗ്യ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് അറബി, ഉറുദു ഭാഷകള്‍ സംസാരിക്കാന്‍ പഠിച്ചു. അതോടെ കാര്യങ്ങള്‍ എളുപ്പത്തിലായി. ഇപ്പോള്‍ വര്‍ഷങ്ങളായി സ്പോണ്‍സറുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ജോലിക്കാരാനായല്ല, വീട്ടിലെ ഒരംഗത്തെ പ്പോലെയാണ് അവര്‍ തന്നെ കാണുന്നതെന്ന് മൊയ്തു ഹാജി പറയുന്നു.
സഊദിയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും പുരോഗതിയും നേരില്‍ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ സംഗമ കേന്ദ്രമായ ബത്ഹയില്‍ ചായക്കടകള്‍, തുണി ക്കടകള്‍, കാസറ്റ് കടകള്‍ ഒക്കെയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ടെലിവിഷന്‍ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ടേപ്പ് റെക്കോര്‍ഡര്‍ ആയിരുന്നു പ്രധാന വിനോദ ഉപകരണം. നാട്ടില്‍ നിന്ന് വരുന്ന കത്തുകള്‍ കിട്ടുന്നത് ബത്ഹയില്‍ നിന്നായിരുന്നതിനാല്‍ അവധി ദിനങ്ങളില്‍ ബത്ഹ സന്ദര്‍ശനം പതിവായിരുന്നു. അന്ന് ആയിരം രൂപക്ക് 350 സഊദി റിയാല്‍ വേണമായിരുന്നു എന്നും മൊയ്തു ഹാജി ഓര്‍ക്കുന്നു.
1985 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആദ്യം ഹജ്ജ് നിര്‍വ്വഹിച്ചു. അന്ന് ഇന്നത്തെ പ്പോലെ ഹജിന് നിയന്ത്രണം ഇല്ലായിരുന്നു. പിന്നീട് രണ്ട് തവണ കൂടി ഹജ്ജ് നിര്‍വ്വഹിക്കാനും നിരവധി തവണ ഉംറ ചെയ്യാനും മദീന സന്ദര്‍ശനം നടത്താനും അവസരം കിട്ടി. ഇത് പ്രവാസ ജീവിതത്തിലെ വലിയ സൗഭാഗ്യമായി ഹാജി കരുതുന്നു.
സഊദിയിലെത്തിയ ശേഷം നാല് വര്‍ഷത്തിനു ശേഷമാണ് ആദ്യമായി നാട്ടില്‍ പോയത്. മുംബൈയില്‍ നിന്നും ബസ് മാര്‍ഗ്ഗമുള്ള ആ യാത്ര ഇന്നും മൊയ്തു ഹാജിയുടെ മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നുണ്ട്. കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാതിരുന്ന
അക്കാലത്ത് മുംബൈ (ബോംബെ) വഴിയാണ് പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും. അക്കാലത്ത് മുംബൈയില്‍ പിടിച്ചു പറയും കൊള്ളയും സജീവമായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം അന്ന് അവിടെ ജോലി ചെയ്തിരുന്ന നാട്ടുകാരനായ സുഹൃത്തിന്റെ റൂമിൽ താമസിച്ച് പിറ്റേന്ന് മറ്റ് പ്രവാസികള്‍ക്കൊപ്പം അക്ബര്‍ ട്രാവല്‍സിന്റെ ബസ്സിലാണ് നാട്ടിലേക്ക് പോയത്.
ബസ് കേരള അതിർത്തി കടന്നതോടെ എല്ലാവര്‍ക്കും വലിയ സന്തോഷം ആയിരുന്നു. ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ ടാക്സി ഡ്രൈവര്‍മാര്‍ പ്രവാസികളെ പൊതിയുന്ന കാഴ്ച കാണാനിടയായി. അങ്ങനെ ബസ് കോട്ടക്കലിനടുത്തുള്ള എടരിക്കോട് എത്തിയപ്പോള്‍ സഹയാത്രികരോട് യാത്ര പറഞ്ഞു ബസില്‍ നിന്നും ഇറങ്ങിയ മൊയ്തു ഹാജി കണ്ടത് തന്റെ രണ്ട് പെട്ടികളും രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ എടുക്കുകയും അവരുടെ വാഹനത്തിലേക്ക് തന്നെ പിടിച്ചു വലിക്കുകയും ചെയ്യുന്നതാണ്. അവസാനം അവിടെ കച്ചവടം നടത്തുന്ന ഒരാള്‍ ഇടപെട്ടാണ് ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും രക്ഷപ്പെട്ടു തന്റെ പെട്ടികളുമായി വീട്ടില്‍ എത്തിയത്. പിന്നീട് കോഴിക്കോട് വിമാനത്താവളം വന്നതോടെ യാത്ര എളുപ്പമായി.
തന്റെ കൂടെ വന്നവരൊക്കെ നാട്ടിലേക്ക് നേരത്തെ മടങ്ങിയിരുന്നു എന്നും താനും മടക്ക യാത്ര ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ സ്പോണ്‍സറും കുടുംബവും തന്നോട് കാണിച്ച സ്നേഹം കൊണ്ടാണ് ഇത്രയും കാലം ഇവിടെ തുടര്‍ന്നത് എന്നും മൊയ്തു ഹാജി പറഞ്ഞു.
ഭാര്യ: സൈനബ, മക്കള്‍: അബ്ദുല്‍ നാഫിഹ്, അബീറ, ഉസ്ന സനിയ്യ.
വൈകാതെ നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ബത്ഹ യില്‍ വെച്ച് യാത്രയയപ്പ് നല്‍കുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
