പോക്‌സോ കേസ് : അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായി

News Desk
1 Min Read

തിരുവനന്തപുരം: സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ എസ്.എ.ടി. ആശുപത്രിയിൽനിന്ന് കാണാതായി. ഗർഭിണിയായ പെൺകുട്ടിയെ ചികിത്സയ്ക്കായാണ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരിക്കൊപ്പം ആശുപത്രിയിലെത്തിച്ചത്. രണ്ടുദിവസം മുൻപ്‌ നടന്ന സംഭവം ആശുപത്രിയുടെ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആശുപത്രി അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വയനാട്ടിലെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. കുട്ടിയെ തിരികെ കൊണ്ടുവരാനായി മെഡിക്കൽ കോളേജ് പോലീസ് സംഘം വയനാട്ടിലേക്ക് തിരിച്ചു.

വനിത-ശിശു വികസന വകുപ്പിന്റെ കീഴിൽ നെട്ടയത്തുള്ള സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ദളിത് പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് എസ്.എ.ടി.യിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അർധരാത്രിയാണ് ഇവർക്കൊപ്പമുണ്ടായിരുന്ന ജീവനക്കാരിയുടെ കണ്ണു വെട്ടിച്ച് പെൺകുട്ടി പുറത്തെത്തിയത്. പുറത്തുണ്ടായിരുന്ന സുരക്ഷാജീവനക്കാരും പെൺകുട്ടി പുറത്തുപോയത് ശ്രദ്ധിച്ചില്ല.

ആശുപത്രിയിൽ അടുത്തുണ്ടായിരുന്നവരോട് വീട്ടിലേക്ക് വിളിക്കാൻ മൊബൈൽ ഫോൺ തരുമോയെന്ന് പെൺകുട്ടി അന്വേഷിച്ചിരുന്നു. കോഴിക്കോട്ടേക്കുള്ള ട്രെയിൻ സമയങ്ങളും ചോദിച്ചറിഞ്ഞു. ഇതിനുശേഷം പ്രധാനവാതിൽവഴി പുറത്തെത്തിയ പെൺകുട്ടി സെൻട്രൽ സ്റ്റേഷനിലെത്തി ട്രെയിനിൽ നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എന്നാൽ, പെൺകുട്ടി രക്ഷപ്പെട്ടത് പുറകിലെ വാതിലിലൂടെയാണെന്നും ഇവർക്കായി നൽകിയിരുന്ന ആശുപത്രിവസ്ത്രം മാറ്റി സ്വന്തം വസ്ത്രങ്ങൾ ധരിച്ചാണ് പോയതെന്നും എസ്.എ.ടി. സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് പറഞ്ഞു. “കോടതിനിർദേശമനുസരിച്ചാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. രക്ഷപ്പെടാൻ പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്.എ.ടി.യിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് സമഗ്രവിലയിരുത്തൽ നടത്തും’’ -സൂപ്രണ്ട് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!