ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

News Desk
1 Min Read

മുംബയ്: വീട്ടിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ തീപടർന്ന് ആറുപേർ മരിച്ചു. മഹാരാഷ്‌ട്രയിൽ ധാരാശിവ് ജില്ലയിലെ യേദ്‌ഷി ഗ്രാമത്തിൽ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. കത്തിച്ചുവച്ചിരുന്ന ചിരാതിൽനിന്ന് തീപടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്ക് കടയിൽനിന്നാണ് തീ പടർന്നത്. ഇതോടെ മുകളിലത്തെ നിലയിൽ കുടുങ്ങിയ ആറുപേർക്കും രക്ഷപ്പെടാനായില്ല.

കുടുംബത്തിലെ ഒരാൾ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ധാരാശിവ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുലർച്ചെ രണ്ടുമണിവരെ കുടുംബാംഗങ്ങൾ ഉണർന്നിരുന്നുവെന്നാണ് പ്രാഥമിക വിവരം. പലചരക്ക് കടയിൽ വലിയ അളവിൽ പാചക എണ്ണയും നെയ്യും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇത് തീപടരുന്നതിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഉള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും തീ അണയ്‌ക്കാനും ശ്രമിച്ചെങ്കിലും അത്‌ വിജയിച്ചില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ധരാശിവ് ജില്ലാ കളക്‌ടർ കീർത്തി കിരൺ പുജാർ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!