പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയെ വെടിവച്ചു കൊന്നു

News Desk
1 Min Read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റായ്‌ഗഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വെടിവച്ച് കൊന്ന് പൊലീസ്.

ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം കഴിഞ്ഞ നാലു മാസത്തിനിടയിൽ ഇത് നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണ് നടന്നത്. ബംഗാളിൽ ബിജെപി സർക്കാർ യോഗി മോഡൽ നടപ്പിലാക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.

ബിഹാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ വെടിവച്ച് കൊന്നത്. ഇക്കഴിഞ്ഞ നവംബർ അഞ്ചിനാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 13കാരിയായ പെൺകുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 3.30ഓടെ പ്രതിയെ ഗൗരി ഗ്രാമത്തിൽ വച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.

പൊലീസ് എത്തിയതിന് പിന്നാലെ പ്രതിയായ ദിലീപ് റോയ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് ദിലീപിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

13കാരിയായ പെൺകുട്ടിയെ നവംബർ 3ന് കാണാതായിരുന്നു. പിന്നീട് ഇവരുടെ വികൃതമാക്കപ്പെട്ട മൃതദേഹം കുലിക് വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെടുത്തു. റായ്‌ഗഞ്ച് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിന് പിന്നാലെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം, ആരെങ്കിലും നിയമം ലംഘിച്ചാൽ പൊലീസിന് നടപടിയെടുക്കേണ്ടി വരുമെന്നും ഇത്തരം നടപടിക്രമങ്ങൾ ഒഴിവാക്കാൻ പറ്റില്ലെന്നും മന്ത്രി ദിലീപ് ഘോഷ് പറഞ്ഞു. കുറ്റാരോപിതർ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ നടപടിയെടുക്കേണ്ട കടമ പൊലീസിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!