ബാഗ് പാക്ക് ചെയ്യുന്ന പ്രവാസികൾ സൂക്ഷിക്കണം! ചില പ്രത്യേക മരുന്നുകൾ കുരുക്കാകാം

News Desk
1 Min Read

അബുദാബി: യുഎഇയിലേക്ക് വരുമ്പോൾ താമസ കാലയളവിലേക്ക് ആവശ്യമുള്ള മരുന്നുകൾ മാത്രം കൈയിൽ കരുതണമെന്ന് ദുബായ് കസ്റ്റംസ്. സ്വന്തം ആവശ്യത്തിനാണെങ്കിലും വൻതോതിൽ മരുന്നുകൾ കൊണ്ടുവരുന്നത് വിമാനത്താവളങ്ങളിൽ പരിശോധനകൾക്കും തടസ്സങ്ങൾക്കും കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മരുന്നുകൾ വലിയ അളവിൽ കൊണ്ടുവരരുതെന്നും ആവശ്യമായവ ഉണ്ടെങ്കിൽ കസ്റ്റംസ് പരിശോധനയിൽ വ്യക്തമാക്കണമെന്നും പുതിയ യാത്രാ മാർഗനിർദേശത്തിൽ ദുബായ് കസ്റ്റംസ് വ്യക്തമാക്കി. ചില പ്രത്യേക തരം മരുന്നുകൾക്ക് യുഎഇയിൽ നിയന്ത്രണമുണ്ട്. ഇത്തരം മരുന്നുകൾ കൈവശമുള്ളവർ ഡോക്ടറുടെ സാധുവായ കുറിപ്പടിയോ മെഡിക്കൽ സർട്ടിഫിക്കറ്റോ കരുതേണ്ടതുണ്ട്.

∙  കസ്റ്റംസിൽ വ്യക്തമാക്കേണ്ടവ

രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചില സാധനങ്ങൾ എത്തുമ്പോൾ തന്നെ കസ്റ്റംസിനെ അറിയിക്കേണ്ടതുണ്ട്. നിയന്ത്രിത മരുന്നുകൾ, പ്രത്യേക മെഡിക്കൽ ഉപകരണങ്ങൾ, കസ്റ്റംസ് നിബന്ധനകളിൽ പെടുന്ന മറ്റ് വസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയാൽ യാത്ര വൈകുന്നതിനും പിഴയ്ക്കും മറ്റ് നിയമനടപടികൾക്കും കാരണമാകും. യാത്രക്കാർക്ക് ‘ഐഡിക്ലെയർ’ (iDeclare) മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇത്തരം വസ്തുക്കൾ മുൻകൂട്ടിയോ വിമാനത്താവളത്തിൽ എത്തിയ ശേഷമോ റജിസ്റ്റർ ചെയ്യാവുന്നതാണ്.

∙ നിയന്ത്രണമുള്ള മരുന്നുകൾ ഏതെല്ലാം?

വിവിധ തരം മരുന്നുകൾക്ക് അതത് വിഭാഗങ്ങൾ അനുസരിച്ചാണ് യുഎഇയിൽ അനുമതിയുള്ളത്. ചില മരുന്നുകൾക്ക് മുൻകൂർ അനുമതിയോ ഡോക്ടറുടെ കുറിപ്പടിയോ നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുൻപ് യുഎഇ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ നിയന്ത്രിത മരുന്നുകളുടെ പട്ടിക പരിശോധിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടകളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്ന മരുന്നുകൾ യുഎഇയിലേക്ക് നേരിട്ട് കൊണ്ടുവരാൻ സാധിക്കണമെന്നില്ലെന്നും ആവശ്യമായ രേഖകൾ കരുതണമെന്നും കസ്റ്റംസ് ഓർമിപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!