വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ്; പ്രവാസികൾ ഉൾപ്പെടെ 6 പേർക്ക് ശിക്ഷ വിധിച്ചു

News Desk
2 Min Read

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ക്ഷീരോല്‍പാദന കമ്പനിയായ മസൂണ്‍ ഡയറിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്, കൈക്കൂലി, വ്യാജ രേഖ നിര്‍മാണം എന്നിവയില്‍ ആറുപേര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ.

കമ്പനിയുടെ റീട്ടെയില്‍ വിതരണ കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന കരാറുകളില്‍ ക്രമക്കേട് നടത്തിയ കേസിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപ്പീല്‍ കോടതി ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധി ശരിവച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

സ്‌റ്റേറ്റ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് തൊഴിലാളികളെ വിതരണം ചെയ്യുക, ആവശ്യമായതിലധികം ജീവനക്കാരെ രേഖപ്പെടുത്തുക, ജോലിക്കെത്താത്തവരെ ഹാജര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ക്രമക്കേടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ദിവസങ്ങളും ഓവര്‍ടൈം സമയവും പെരുപ്പിച്ചുകാട്ടുകയും തൊഴിലാളികളുടെ തൊഴില്‍ വിഭാഗങ്ങളില്‍ കൃത്രിമം നടത്തി അനധികൃതമായി പണം കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തി.

ഒമാനികളായ റാഇദ് ബിന്‍ അലി ബിന്‍ സാലിഹ്, അല്‍ അയ്ഹം ബിന്‍ അബ്ദുല്ല ബിന്‍ സാലിം എന്നിവര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്, ഔദ്യോഗിക രേഖകളുടെ വ്യാജനിര്‍മാണം, കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

റാഇദിന് 1,46,134 റിയാലും അല്‍ അയ്ഹമിന് 1,37,886 റിയാലും പിഴ വിധിച്ചു. പിഴത്തുകയ്ക്ക് തുല്യമായ തുക തൊഴിലുടമയ്ക്ക് തിരിച്ചുനല്‍കാനും ഉത്തരവിട്ടു. ഇരുവരെയും സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്ഥിരമായി പിരിച്ചുവിടുകയും പൊതുപദവികള്‍ വഹിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു.

പ്രവാസികളായ സുബൈര്‍ അവാന്‍, മുഹമ്മദ് അബ്ബാസ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവും 1,37,856 റിയാല്‍ വീതം പിഴയും വിധിച്ചു. സാമ്പത്തിക തട്ടിപ്പില്‍ പങ്കാളിത്തം, ഔദ്യോഗിക സ്വകാര്യ രേഖകളുടെ വ്യാജനിര്‍മാണം, പൊതുഉദ്യോഗസ്ഥന് കൈക്കൂലി നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് 1,37,856 റിയാല്‍ തിരിച്ചടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

ഒമാനിയായ മുഹമ്മദ് ബിന്‍ ഖല്‍ഫാന്‍ ബിന്‍ സാലിമിന് പൊതുഉേദ്യാഗസ്ഥന് കൈക്കൂലി നല്‍കിയ കുറ്റത്തിന് മൂന്ന് വര്‍ഷം തടവും 55,000 റിയാല്‍ പിഴയും വിധിച്ചു. ആറാമത്തെ പ്രതിയായ പ്രവാസി അമീര്‍ അസമിന് ഇതേ കുറ്റത്തിന്  മൂന്ന് വര്‍ഷം തടവും 24,316 റിയാല്‍ പിഴയും വിധിച്ചു.

ശിക്ഷ പൂര്‍ത്തിയാക്കിയശേഷം മൂന്നും നാലും ആറുമുള്ള പ്രതികളെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. വ്യാജരേഖകള്‍ നശിപ്പിക്കുന്നതിനായി കണ്ടുകെട്ടാനും 2023 മോഡല്‍ റേഞ്ച് റോവര്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് കണ്ടുകെട്ടാനും കോടതി നിര്‍ദേശിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!