ലണ്ടൻ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ മരിച്ച നാവികരുടെ എണ്ണം 25 ആയി ഉയർന്നതായി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ സ്ഥിരീകരിച്ചു, ഈ വർഷം ഫെബ്രുവരി മുതൽ ഇതുവരെ 130-ലധികം ആക്രമണങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്.
ആയിരക്കണക്കിന് നാവികർ കടലിൽ കുടുങ്ങിക്കിടക്കുന്നതായും കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്നതായും യുഎൻ ആശങ്ക പ്രകടിപ്പിച്ചു.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങൾ പുറത്തു വന്നത്. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെട്ട ‘വെലോസ് സഫയർ’ എന്ന ഓയിൽ ടാങ്കറിലെ നാവികനാണ് ഈ സംഘർഷത്തിലെ ഒടുവിലത്തെ ഇരയെന്ന് ലണ്ടൻ ആസ്ഥാനമായുള്ള യുഎൻ ഏജൻസി വ്യക്തമാക്കി.
നിരന്തരമായ ആക്രമണങ്ങൾ കാരണം ആയിരക്കണക്കിന് നാവികരാണ് പേർഷ്യൻ ഗൾഫ് മേഖലയിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് കൃത്യമായ ആഹാരം, കുടിവെള്ളം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന് ഇൻ്റർനാഷണൽ മാരിടൈം സെക്രട്ടറി ജനറൽ അർസെനിയോ ഡൊമിംഗസ് ആശങ്ക പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും നാവികരുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധമായ ആക്രമണങ്ങളിൽ നിന്ന് ബന്ധപ്പെട്ട രാജ്യങ്ങൾ ഉടനടി പിന്തിരിയണമെന്ന് അഞ്ച് ദിവസം നീണ്ടുനിന്ന കൗൺസിൽ യോഗത്തിന് ശേഷം ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. മേഖലയിലെ മാനുഷിക പ്രതിസന്ധികൾ ലഘൂകരിക്കാനും കൂടുതൽ ജീവനഷ്ടം ഒഴിവാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
