മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

News Desk
1 Min Read

മലപ്പുറം: വൈലത്തൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ രണ്ട് യുവാക്കളെയും അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ മുഹമ്മദ് സഫ്‌വാനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. മൂർച്ചകൂടിയ ആയുധം കൈയിൽവെച്ചാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എഎസ്‌ഐ രാമചന്ദ്രൻ പറഞ്ഞു.

വൈലത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്ത്, ബൈക്കിൽ ഹെൽമറ്റില്ലാതെ എത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ച രാമചന്ദ്രൻ ഇവരുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതരായാണ് യുവാക്കൾ എഎസ്‌ഐയെ ക്രൂരമായി മർദിച്ചത്.

രണ്ടുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സഫ്‌വാൻ പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ട്രെയിൻമാർഗം ആലപ്പുഴയിലേക്ക് പോയി എന്ന് വിവരം ലഭിച്ച പോലീസ് അവിടെവെച്ചാണ് പ്രതിയെ പിടികൂടിയത്.

ലഹരി ഇടപാട് കേസിൽ രണ്ടുവർഷം അബുദാബിയിലെ ജയിലിൽ കിടന്നിട്ടുള്ള സഫ്‌വാനെ നാടുകടത്തിയതായിരുന്നു. എന്നാൽ, നാട്ടിലെത്തിയിട്ടും ലഹരിയിടപാടും കവർച്ചയും തുടരുകയായിരുന്നു. സ്വന്തം വീട്ടിൽനിന്ന് 40 പവന്റെ സ്വർണം മോഷ്ടിച്ചെന്ന പരാതിയും സഫ്‌വാന്റെ പേരിലുണ്ടെന്ന് കൽപകഞ്ചേരി പോലീസ് പറയുന്നു.

എഎസ്‌ഐയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതി ദിൽഷാദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ എഎസ്‌ഐ രാമചന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാമചന്ദ്രന് മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലത്തിനും ചുണ്ടിനും ഇടതുകണ്ണിന്റെ പുരികത്തും ആഴത്തിലുള്ള മുറിവുകളുണ്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!