കോവളത്ത് പീഡനത്തിന് ഇരയായി പത്താം ക്ലാസ് വിദ്യാർഥിനിയും; മെഡിക്കൽ സ്റ്റോർ ഉടമയും ജിം ട്രെയിനറും അറസ്റ്റിൽ

News Desk
1 Min Read

കോവളം: ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽ കൂട്ടപീഡനത്തിന് ഇരയായ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പേ കോവളത്ത് മറ്റൊരു പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയും പീഡനത്തിനിരയായതായി പരാതി.

സംഭവത്തിൽ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർ കൂടി പീഡിപ്പിച്ചതായി വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പുങ്കുളം വാർഡിലെ പാമ്പാടി ക്ഷേത്രത്തിന് സമീപം സൗപർണികയിൽ താമസിക്കുന്ന മെഡിക്കൽ സ്റ്റോർ ഉടമ അനൂപ് (39), പള്ളിച്ചൽ കണ്ണംകോട് മച്ചേൽ ഗ്രൗണ്ടിന് സമീപം ആയക്കോട് മേലെ പുത്തൻവീട്ടിൽ താമസിക്കുന്ന റോയ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പള്ളിച്ചൽ സ്വദേശിയായ റോയ് പെറ്റ് ഷോപ്പ് നടത്തുകയും ജിം ട്രെയിനറായി പ്രവർത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും സ്കൂളിൽ ഹാജരാകാതെ അവധിയെടുക്കുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥിനിയെ കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. അവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്.

കോവളം, തിരുവല്ലം, ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി വിവിധ ഘട്ടങ്ങളിൽ നാലുപേർ പീഡിപ്പിച്ചതായി വിദ്യാർഥിനി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ രണ്ടുദിവസം മുമ്പ് കോവളം പോലീസിന് വിവരം കൈമാറി. നിലവിൽ സർക്കാർ അഭയകേന്ദ്രത്തിന്റെ സംരക്ഷണയിലാണ് വിദ്യാർഥിനി.

കോവളം-ആഴാകുളം-വിഴിഞ്ഞം റൂട്ടിലെ ഒരു മെഡിക്കൽ സ്റ്റോറിൽ കഴിഞ്ഞ ഏപ്രിലിൽ വിദ്യാർഥിനി സെയിൽസ് ഗേളായി ജോലി ചെയ്യുന്നതിനുള്ള പരിശീലനത്തിനെത്തിയിരുന്നു. ഇതിനിടെ മെഡിക്കൽ സ്റ്റോർ ഉടമ വിദ്യാർഥിനിയെ വശത്താക്കി സ്ഥാപനത്തിനുള്ളിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

സമൂഹമാധ്യമം വഴിയാണ് വിദ്യാർഥിനി പള്ളിച്ചൽ സ്വദേശിയായ റോയിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി വളർന്നതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാർഥിനിയുടെ വീട്ടിലെത്തി ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിരുവല്ലം, ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധികളിലുള്ള മറ്റു രണ്ടുപേരും വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതിയുണ്ട്. ഈ സംഭവങ്ങളിൽ കോവളം പോലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി ഫോർട്ട്, തിരുവല്ലം സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!