ലുലു ഗ്രൂപ്പിന്റെ കാരുണ്യം; അശ്വതിക്കും മക്കൾക്കും ഇനി സ്വന്തം വീട്ടിൽ ധൈര്യമായുറങ്ങാം

News Desk
1 Min Read

കണ്ണൂര്‍: വീട് ജപ്തി ചെയ്തതോടെ ദുരിതത്തിലായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കേരള മുന്‍ ത്രോബോള്‍ താരം അശ്വതിക്കും കുടുംബത്തിനും കൈത്താങ്ങായി ലുലു ഗ്രൂപ്പ്. കേരള ബാങ്കിലെ വായ്പ ലുലു ഗ്രൂപ്പ് അടച്ചുതീര്‍ത്തു. 34 ലക്ഷത്തിന്റെ കടബാധ്യത ലുലു ഗ്രൂപ്പിന്റെ ഇടപെടലില്‍ ബാങ്ക് അധികൃതര്‍ 24 ലക്ഷമായി കുറച്ചിരുന്നു.

നാളെ രാവിലെ അശ്വതിക്കും കുടുംബത്തിനും ബാങ്ക് താക്കോല്‍ കൈമാറുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മറ്റൊരാശ്രയമില്ലാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്ത സ്വന്തം വീടിന്റെ അടുക്കള വരാന്തയിലാണ് അശ്വതിയും ചെറിയ മക്കളുമടങ്ങുന്ന ആറംഗ കുടുംബം അന്തിയുറങ്ങിയിരുന്നത്. മീഡിയവണ്‍ ഉള്‍പ്പെടെയുള്ള മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ലുലു ഗ്രൂപ്പിന്റെ ഇടപെടല്‍.

കുഞ്ഞുമക്കള്‍ക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ വീട്ടില്‍ നിന്നിറങ്ങേണ്ടിവന്ന സങ്കടം അശ്വതി നേരത്തെ മീഡിയവണിനോട് പങ്കുവെച്ചിരുന്നു. ത്രോബോളില്‍ ഒരു കാലത്ത് കേരളം പലവട്ടം വിജയം നേടിയപ്പോഴും നെടുംതൂണായി അശ്വതി ടീമിലുണ്ടായിരുന്നു. നാല് മാസം മുന്‍പാണ് ലോണ്‍ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് കേരള ബാങ്ക് ഇവരുടെ വീട് ജപ്തി ചെയ്തത്. ജനപ്രതിനിധികളും കൈമലര്‍ത്തിയതോടെ എങ്ങോട്ട് പോകണമെന്നറിയാതെ വഴിമുട്ടി നില്‍ക്കവേയാണ് ലുലു ഗ്രൂപ്പിന്റെ ഇടപെടല്‍.

അശ്വതിയുടെ ഭര്‍ത്താവ് നിതിന്റെ അമ്മ സുനില 2018 ലാണ് 35 സെന്റ് സ്ഥലം പണയം വെച്ച് ലോണ്‍ എടുക്കുന്നത്. മരം മുറിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ് നിതിനും ജോലിക്ക് പോകാന്‍ കഴിയാതായി. തിരിച്ചടവ് മുടങ്ങി. പലിശ ഉള്‍പ്പെടെ 34 ലക്ഷം രൂപയോളം ആയപ്പോഴാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!