സഊദിയിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ വീണ്ടും നീട്ടി ഇന്ത്യൻ കമ്പനികൾ; നേരിട്ടുള്ള കൂടുതൽ സർവ്വീസുകളുമായി സഊദി വിമാന കമ്പനികൾ

malayalampress
1 Min Read

റിയാദ്: മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സഹചര്യം കണക്കിലെടുത്ത് സഊദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ വീണ്ടും നീട്ടി ഇന്ത്യൻ വിമാന കമ്പനികൾ. ജിദ്ദ, റിയാദ്, ദമാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

ഒക്ടോബർ 30-നോ അതിനു മുമ്പോ ടിക്കറ്റെടുത്ത് നവംബർ 14 വരെ യാത്ര നിശ്ചയിച്ചിട്ടുള്ള യാത്രക്കാർക്ക് അധിക തുക നൽകാതെ ഒരു തവണ ടിക്കറ്റ് തീയതി മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്ന് എക്‌സ്പ്രസ്സ് അറിയിച്ചു. സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി നവംബർ 29 വരെയുള്ള തീയതികളിലേക്ക് ഇത്തരത്തിൽ സൗജന്യമായി റീബുക്ക് ചെയ്യാം. എന്നാൽ, യാത്രാ പദ്ധതി ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.

എയർ ഇന്ത്യ യാത്രക്കാർക്ക് സഊദി അറേബ്യയിൽ സർവീസ് നടത്തുന്ന മറ്റ് എയർ ഇന്ത്യ സ്റ്റേഷനുകളിലേക്കോ അവിടെ നിന്നോ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാനും എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ഇതിന് പുറമെ ബഹ്‌റൈനിലെയോ മറ്റ് സർവീസ് സ്റ്റേഷനുകളിലേക്കോ സർവീസുകൾ ക്രമീകരിക്കാനുമാകും.

അതിനിടെ, ഇന്ത്യൻ വിമാന കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ, സഊദി വിമാന കമ്പനിയായ ഫ്ലൈനാസ് ഇന്ത്യയിലേക്കും തിരിച്ചും അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. കിഴക്കൻ സഊദിയിലെ ദമാമിൽനിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, ലഖ്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുന്നത്.

കൂടാതെ റിയാദിൽനിന്ന് കോഴിക്കോട്, ഡൽഹി, ഹൈദരാബാദ് സെക്ടറുകളിലേക്കും തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഫ്ലൈനാസ് വിമാനങ്ങളുണ്ടാകുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!