കരിപ്പൂർ: ഹൂതി ആക്രമണവുമായി ബന്ധപ്പെട്ട സംഘർഷം തുടരുന്നതോടെ, കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സൗദി സെക്ടറിലേക്കുള്ള വിമാന സർവീസുകളുടെ പ്രതിസന്ധി നീളുന്നത് പ്രവാസികളെയും തീർഥാടകരെയും പ്രയാസത്തിലാക്കുന്നു.
ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് നിർത്തിയതോടെ നിലവിൽ കോഴിക്കോട്ടുനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള സർവീസ് ദമാമിലേക്കു മാത്രമായി ചുരുങ്ങി. ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ എന്നിവ സൗദിയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തി. ഫ്ലൈ നാസ്, സൗദിയ എയർലൈൻസ് വിമാനക്കമ്പനികൾ മാത്രമാണ് കോഴിക്കോട് – ദമാം സർവീസ് നടത്തുന്നത്. അതേസമയം ജിദ്ദയിലേക്കും മദീനയിലേക്കും കണക്ഷൻ വിമാനങ്ങൾ ഉണ്ടെങ്കിലും നിരക്ക് കൂടുതലാണ്.
കോഴിക്കോട്ടുനിന്ന് റിയാദിലേക്കു നടത്തിയിരുന്ന സർവീസ് ആണ് ഫ്ലൈ നാസ്, സംഘർഷത്തെത്തുടർന്ന് ദമാമിലേക്കു മാറ്റിയത്. ആഴ്ചയിൽ 5 ദിവസവും ദമാം സർവീസ് ഉണ്ട്. ഉച്ചയ്ക്ക് 1.05നു കോഴിക്കോട്ടെത്തി 1.50നു ദമാമിലേക്കു മടങ്ങും. വ്യാഴം, ശനി ഒഴികെയുള്ള ദിവസങ്ങളിലാണു സർവീസ്. ദമാമിലേക്കുള്ള എല്ലാ സർവീസിലും നിറയെ യാത്രക്കാരുമുണ്ട്.
റിയാദിലേക്കു നടത്തിയിരുന്ന സർവീസ് ആണ് സൗദി എയർലൈൻസും താൽക്കാലികമായി ദമാമിലേക്കു മാറ്റിയത്. ഈ മാസം അവസാനം വരെ ഇൻഡിഗോ പ്രഖ്യാപിച്ച ദമാം, ജിദ്ദ സർവീസുകളുടെ നിയന്ത്രണം നവംബർ 14 വരെ നീട്ടി. ആകാശ എയർ ഈ മാസം 25 മുതൽ ജിദ്ദയിലേക്കു പ്രഖ്യാപിച്ച സർവീസ് തുടങ്ങുന്നതും നീളും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
