ഇസ്റാഈലിലേക്ക് വിസ നൽകാമെന്നു പറഞ്ഞ് പണവും ആഭരണവും കവർന്നു: മലയാളി യുവാക്കൾ അറസ്റ്റിൽ

News Desk
1 Min Read

പരപ്പനങ്ങാടി: ഇസ്റാഈലിലേക്ക് വീസ നൽകാമെന്നു പറഞ്ഞ് പണവും വെള്ളിമോതിരവും മാലയും കവർച്ച ചെയ്ത സംഘത്തിലെ ആറു പേർ അറസ്റ്റിൽ. ചെട്ടിപ്പടി കാരച്ചിന്റെ പുരയ്ക്കൽ മുഹമ്മദ്‌ സാദിഖ് (27), അരിയല്ലൂർ കുന്നത്ത് ഹൗസിൽ അഹമ്മദ്‌ റഊഫ് (27), അരിയല്ലൂർ പൗരകത്ത് അർഷാദ് (26), പൊന്നാനി കോയലിന്റെ പുരയ്ക്കൽ അബ്ദുൽ മജീദ്, പൊന്നാനി ഏഴുകടത്തിൽ വീട്ടിൽ ഷമീം (33), അരിയല്ലൂർ വടക്കേ പുറത്ത് മുജീബ് (29) എന്നിവരാണ് പിടിയിലായത്. പാലക്കാട്‌ , കാസർകോട്, മംഗളൂരു, കൊല്ലം എന്നിവിടങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്. 

ഇസ്രയേലിലേക്ക് ഒരാൾക്ക് 6.5 ലക്ഷം രൂപ വീതം നൽകിയാൽ വീസ നൽകാമെന്നായിരുന്നു വാഗ്ദാനം. പണവുമായി അരിയല്ലൂർ ബീച്ചിൽ എത്താൻ ആവശ്യപ്പെട്ടു. തുകയുമായി എത്തിയവരെ സംഘം ആക്രമിക്കുകയും കൈവശം ഉണ്ടായിരുന്ന പണവും വെള്ളി മോതിരവും മാലയും കവരുകയാണ് ചെയ്തത്. ഒരാഴ്ച മുൻപാണ് സംഭവം. പതിനഞ്ചോളം പേർ സംഘം ചേർന്ന് അടിച്ചും ഭീഷണിപ്പെടുത്തിയുമാണ് കവർച്ച നടത്തിയത്.

താനൂർ ഡിവൈഎസ്പി സുനിൽ പുളിക്കൽ, സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ ,സബ് ഇൻസ്‌പെക്ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ നമ്പറുകളും പരിശോധിച്ചാണ് പ്രതികളെ അരിയല്ലൂർ, പൊന്നാനി ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!