ദുബായ്: സ്വകാര്യ ഇൻഷുറൻസ് ഒഴിവാക്കി നോർക്ക കെയറിൽ ചേർന്ന പ്രവാസികൾക്ക് തിരിച്ചടിയായി നിരക്കുവർധന. കുടുംബ പോളിസിയുടെ വാർഷിക പ്രീമിയം 13,411 രൂപയിൽനിന്ന് പ്രായപരിധിയനുസരിച്ച് 35,664 രൂപ മുതൽ 77,773 രൂപ വരെയാക്കി ഉയർത്തിയതിന് എതിരെയാണ് പ്രവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നവംബർ ഒന്നിന് ആരംഭിക്കുന്ന പുതിയ പോളിസി വർഷം മുതൽ പ്രായം അടിസ്ഥാനമാക്കിയുള്ള നിരക്കുകളാണ് പ്രാബല്യത്തിൽ വരുന്നത്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് 51–60 പ്രായപരിധിയിൽ 35,664 രൂപയും 61–70 പ്രായക്കാർക്ക് 44,718 രൂപയും 71–80 പ്രായക്കാർക്ക് 77,773 രൂപയുമാണ് പുതുക്കിയ വാർഷിക പ്രീമിയം. മൂന്ന് ലക്ഷം മുതൽ ഒരു കോടി രൂപ വരെ പരിരക്ഷയുള്ള എട്ട് ഇൻഷുറൻസ് സ്ലാബുകളാണ് പുതിയ ഘടനയിലുള്ളത്. നോർക്ക റൂട്ട്സും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുതിർന്നവരെയും കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയും നിരക്കുവർധന കൂടുതൽ ബാധിക്കുമെന്നാണ് ആശങ്ക. ഉയർന്ന പ്രീമിയം പലരെയും പോളിസി പുതുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
നിരക്കുവർധന ഉടൻ പിൻവലിക്കണമെന്ന് ഇൻകാസ് യുഎഇ കമ്മിറ്റി സീനിയർ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ആവശ്യപ്പെട്ടു. പ്രീമിയം ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. പ്രീമിയം വർധന പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ അബുദാബി പ്രസിഡന്റ് ബിജി തോമസ്, മുൻ ലോക കേരള സഭാംഗം റോയ് ഐ. വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.
പ്രവാസികളുടെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് നിരക്കുകൾ താങ്ങാവുന്ന നിലയിലാക്കാൻ സർക്കാർ ഇടപെടണമെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് എ.എം. അൻസാറും ആവശ്യപ്പെട്ടു. മുതിർന്നവരുടെ ചികിത്സച്ചെലവ് വർധന പ്രീമിയം കൂട്ടാൻ കാരണമായെങ്കിലും ചെറുപ്പക്കാരുടെ പ്രീമിയം മൂന്നിരട്ടിയാക്കിയത് ന്യായീകരിക്കാനാവില്ലെന്ന് ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി യഹ്യ തളങ്കര പറഞ്ഞു.
പഴയ നിരക്കിൽ പോളിസി പുതുക്കാൻ അവസരം നൽകണമെന്നും സർക്കാർ വിഹിതത്തോടെ പ്രീമിയം താങ്ങാവുന്ന നിലയിലാക്കണമെന്നും പ്രവാസി ഇന്ത്യ യുഎഇ പ്രസിഡന്റ് അബ്ദുൽ ഹസീബ് ആവശ്യപ്പെട്ടു. പുതുക്കാൻ അധികസമയം അനുവദിച്ച് ചികിത്സാപരിരക്ഷ മുടങ്ങില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് യുഎഇ ഇൻകാസ് ജനറൽ സെക്രട്ടറി ഷിജി ജോസഫ് ആവശ്യപ്പെട്ടു. നിരക്കുവർധന പദ്ധതിയിൽനിന്ന് വിട്ടുനിൽക്കാൻ സാധാരണക്കാരെ നിർബന്ധിതരാക്കുമെന്നും ചൂണ്ടിക്കാട്ടി.
പ്രീമിയം വർധന പുനഃപരിശോധിക്കണമെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ.മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവരും ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികൾക്ക് പുതിയ നിരക്ക് താങ്ങാനാകില്ലെന്നും പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പ്രീമിയം വർധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
