കൊൽക്കത്ത: കൊൽക്കത്തയിലെ സർസുനയിൽ പതിനെട്ടുകാരനെയും പിതാവിനെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിലെ മൂന്ന് പ്രതികളെ കൊൽക്കത്ത പൊലീസ് ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
എന്നാൽ പ്രതികളുടെ മേൽക്കുപ്പായം ഊരിമാറ്റി പൊതുവഴിയിലൂടെ പരസ്യമായി നടത്തിച്ച പൊലീസ് നടപടിക്കെതിരെ ബംഗാളിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചു. പ്രതികളെ പൊലീസ് വേഗത്തിൽ പിടികൂടിയത് അഭിനന്ദനാർഹമാണെന്നും എന്നാൽ മേൽക്കുപ്പായമില്ലാതെ അവരെ പൊതുവഴിയിലൂടെ പരേഡ് ചെയ്യിച്ചത് തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു
നിയമം ഒട്ടും അനുവദിക്കാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിലാണ് എക്കാലത്തും പേരുകേട്ടിട്ടുള്ളതെന്നും, അല്ലാതെ ഇത്തരം ഫ്യൂഡൽ രീതികൾ നടപ്പിലാക്കുന്നതിലല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വിമർശിച്ചു.
അതേസമയം, രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങൾ കൊൽക്കത്ത പോലീസ് നിഷേധിച്ചു. വളരെ തിരക്കേറിയ സ്ഥലമായതിനാൽ പ്രതികൾ കസ്റ്റഡിയിൽ നിന്ന് ഓടിപ്പോകാൻ സാധ്യതയുണ്ടായിരുന്നു. ഷർട്ട് ധരിക്കാത്ത ഒരാൾക്ക് ദൂരെ നിന്ന് നോക്കിയാൽ പോലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് സുരക്ഷ മുൻനിർത്തി ഇപ്രകാരം ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
